നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, കഴക്കൂട്ടത്തെ സി.പി.എം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്ര പ്രസാദ്. കഴക്കൂട്ടം മണ്ഡലം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണെന്നും കടകംപള്ളിയെ ഇത്തവണ ‘അയ്യപ്പന്റെ പുലി’ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ മത്സരം യു.ഡി.എഫും ബി.ജെ.പി.യും തമ്മിലാണെന്നും കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കുമെന്ന സൂചനയാണ് ശരത് ചന്ദ്ര പ്രസാദിന്റെ വാക്കുകള്‍ നല്‍കുന്നത്.
അതേസമയം, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ അഴിമതി ആരോപണത്തില്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നലെ അവസാനിപ്പിച്ചത് കോണ്‍ഗ്രസിന് ആശ്വാസമായി. കൊടിമര നിര്‍മ്മാണത്തില്‍ അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മുന്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.എം ഉന്നയിച്ച വലിയ ആരോപണങ്ങള്‍ക്കേറ്റ തിരിച്ചടിയായാണ് യു.ഡി.എഫ് ഈ കോടതി വിധിയെ കാണുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ സി.പി.എം പ്രതിക്കൂട്ടിലായപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് ഈ അഴിമതി ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.
കൊടിമര നിര്‍മ്മാണത്തിനായി വ്യക്തികള്‍ നല്‍കിയ 412 ഗ്രാം സ്വര്‍ണം മുഴുവനായും ഉപയോഗിച്ചിട്ടുണ്ടെന്നും ഇതില്‍ അഴിമതി നടന്നിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വര്‍ണം നല്‍കിയവരില്‍ ഭൂരിഭാഗം പേരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അഡ്വക്കറ്റ് കമ്മീഷണര്‍ നല്‍കിയ രസീതുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിക്ക് കൈമാറിയത്. സി.പി.എം ഭരണകാലത്തെ സ്വര്‍ണ്ണക്കൊള്ള ആരോപണങ്ങള്‍ക്കിടയില്‍ യു.ഡി.എഫിനെതിരെയുള്ള അഴിമതി ആരോപണം കോടതി തള്ളിയത് വരും ദിവസങ്ങളില്‍ പ്രചാരണ വേദികളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
















