നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 12 ദിവസം കൂടി മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥകിള്‍ക്കും (സ്വതന്ത്ര, വിമത) വിജയ പ്രതീക്ഷയാണ്. ഓരോ വോട്ടര്‍മാരെയും കണ്ട് വോട്ടു ചോദിക്കല്‍, മണ്ഡല പര്യടനം, റോഡ് ഷോ, ബൂത്ത് കണ്‍വെന്‍ഷന്‍, പൊതു പരിപാടികള്‍, മരണ വീടു മുതല്‍ വിശേഷ ദിവസങ്ങളിലെ ആരാധനാ സന്ദര്‍ശനം വരെ സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നുണ്ട്. 140 മണ്ഡലങ്ങളും തെരഞ്ഞെടുപ്പു ചൂടിലായിക്കഴിഞ്ഞു. പോസ്റ്ററും ബാനറും, കട്ടൗട്ടറുകളും, വാഹന പ്രചാരണങ്ങളുമായി നാടും നഗരവും തെരഞ്ഞെടുപ്പു കളമായി മാറിക്കഴിഞ്ഞു. അറിയേണ്ടത്, ഒന്നുമാത്രം. കേരളത്തില്‍ എല്‍.ഡി. എഫ് അല്ലാതെ മറ്റാര് എന്നാണോ, യു.ഡി.എഫിന് ഇനി അവസരം നല്‍കാമെന്നാണോ, പുതിയ പരീക്ഷണത്തിന് എന്‍.ഡി.എ വേണമെന്നാണോ കേരളം തീരുമാനിക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകുന്നത് ഇക്കാര്യം കൊണ്ടാണ്. ബി.ജെ.പിയുടെ വളര്‍ച്ചയില്‍ കേരളം കമ്യൂണിസ്റ്റ് ചിന്തയില്‍ നിന്നും എത്ര മാറിയിട്ടുണ്ടെന്ന് അറിയാനാകും. നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാചരണം അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചു. പ്രചാരണത്തിനായി പ്രധാനമന്ത്രിയും സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ രംഗത്തേക്ക്. റോഡ് ഷോയും വീടുകള്‍ കയറിയുള്ള രണ്ടാം ഘട്ടം പ്രചാരണവുമായി സ്ഥാനര്‍ഥികള്‍ മുന്നോട്ട് പോകുന്നു. കൊടും ചൂടില്‍ പ്രചാരണ ചൂട് ഒട്ടും കുറയ്ക്കാതെ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനായി ഇനി 12 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാര്‍ഥികളും മുന്നണികളും അവരുടെ പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
നേമത്ത് സിപിഎം – ബിജെപി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വെല്ലുവിളിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്‍. സിപിഎം സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും, തുണ്ടുകടലാസും കൂടെ ആളുമില്ലാതെ ഒറ്റക്ക് സംവാദത്തിന് വരാന്‍ ശിവന്‍കുട്ടിക്കും രാജീവ് ചന്ദ്രശേഖറിനും ധൈര്യമുണ്ടോ എന്നും ശബരീനാഥന്‍ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മിലാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പത്തുവര്‍ഷം കൊണ്ട് പിണറായി വിജയന്‍ സിപിഎമ്മിന്റെ കഥ കഴിച്ചുവെന്നും അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് റോള്‍ ഇല്ലെന്നും എപി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
ഒടുവില്‍ പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചാരണത്തിനെത്തി കെ സുധാകരന്‍. കണ്ണൂരില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പേരാവൂരില്‍ ഉള്‍പ്പെടെ കെ. സുധാകരന്‍ അനുകൂലികള്‍ പോസ്റ്റര്‍ പതിച്ചിരുന്നു. എല്ലാ ദുഖങ്ങളിലും കഷ്ടപ്പാടുകളിലും സഹായിയായി നിങ്ങളോടൊപ്പം നില്‍ക്കുന്ന നേതാവാണ് സണ്ണി ജോസഫെന്ന് കെ സുധാകരന്‍ പറഞ്ഞു. സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മുസ്ലിം ലീഗ് സ്വീകരിക്കുന്ന വിശ്വമാനവിക നിലപാടുകളാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതായി ഹരിഗോവിന്ദന്‍ പറഞ്ഞു.
എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരി എത്തും. സ്വരാജ് റൗണ്ടില്‍ വെച്ചുള്ള റോഡ് ഷോയ്ക്ക് പിന്നാലെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. എല്‍.ഡി.എഫിനു വേണ്ടി ഓരോ ദിവസവും രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചാരണം നടത്തിയതെങ്കില്‍ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും വാര്‍ത്താ സമ്മേളം നടത്തി തുടങ്ങി. പിണറായി വിജയന്‍ തന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനും, വോട്ടഭ്യര്‍ത്ഥന നടത്താനും പോയതാണോ എന്ന സംശയവും സ്വാഭാവികമായി ഉയരുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വാര്‍ത്താ സമ്മളനം നടത്താന്‍ നിയോഗിക്കാതെ എം. സ്വരാജിനെ ആ ചുമതല ഏല്‍പ്പിച്ചതും ചര്‍ച്ചയാകുന്നുണ്ട്.
അതേസമയം, ബി.ജെ.പി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ദേശീയ നേതാക്കളെയും പ്രധാനമന്ത്രിയെയും ഇറക്കുകയാണ്. പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. ജില്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി വൈകിട്ട് സ്വരാജ് റൗണ്ടില്‍ നടക്കുന്ന വമ്പിച്ച റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. പത്മജ വേണുഗോപാല്‍ (തൃശൂര്‍), കെ.കെ. അനീഷ് കുമാര്‍ (മണലൂര്‍) തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. 4:15-ഓടെ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച് ബിനി ടൂറിസ്റ്റ് ഹോം വരെ 900 മീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ എത്തുന്നവര്‍ ബാഗുകള്‍, കുടകള്‍, കുടിവെള്ളം, നാണയങ്ങള്‍ എന്നിവ കരുതാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
തൃശൂരിലെ പരിപാടിക്ക് ശേഷം വൈകിട്ട് 5:30-ഓടെ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിലും മോദി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നത് ഇത്തവണ തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. കഴിഞ്ഞ തവണ സുരേഷ് ഗോപിയിലൂടെ ലോക്‌സഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി, നിയമസഭയിലും വലിയ പ്രതീക്ഷയിലാണ്. എല്‍.ഡി.എഫിനായി സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണനും യു.ഡി.എഫിനായി മുന്‍ മേയര്‍ രാജന്‍ പല്ലനുമാണ് പത്മജയ്‌ക്കെതിരെ പോരാടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം ബിജെപിക്ക് അനുകൂലമായി മാറുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.
കോണ്‍സിന്റേതാകട്ടെ ആത്മവിശ്വാസത്തോടെയുള്ള പ്രചാരണമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് അല്ലെങ്കില്‍ യു.ഡി.എഫ് എന്ന സമവാക്യത്തിന് കോട്ിടം തട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്. രണ്ടു ടേമില്‍ ജനം എല്‍.ഡി.എഫിനൊപ്പം നിന്നെങ്കില്‍ ഇത്തവണ യു.ഡി.എഫിനൊപ്പം തന്നെയാകും. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം പറയാതെ വയ്യ. ഓരോ മണ്ഡലങ്ങളിലും പോരാട്ടം എല്‍.ഡി.എഫ്, യു.ഡി.എഫ് തമ്മിലാണെന്ന പ്രതീതിയാണ് ഉയര്‍ത്തുന്നത്.
















