കേരളത്തിൽ വരും മാസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഏപ്രിൽ, മേയ് മാസങ്ങളിൽ താപനില റെക്കോർഡ് ഉയരത്തിലെത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
വേനൽ മഴ ആവശ്യത്തിലേറെ ലഭിച്ചാലേ ചൂടിനു ശമനം കിട്ടൂ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു കേരളത്തിൽ ഉഷ്ണ തരംഗങ്ങൾക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. പരിസ്ഥിതി സംരക്ഷണവും വ്യക്തിഗത ജാഗ്രതയുമാണ് ഉയരുന്ന ചൂടിനെ നേരിടാനുള്ള പോംവഴി.
മുൻകാലങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം കണ്ടിരുന്ന കഠിനമായ ചൂട് ഇത്തവണ ഫെബ്രുവരി, മാർച്ച് മുതൽ അനുഭവപ്പെട്ടു തുടങ്ങി.
ദേശീയ കാലാവസ്ഥ വകുപ്പിന്റെ (ഐഎംഡി) കണക്കു പ്രകാരം സാധാരണത്തേക്കാൾ 3 മുതൽ 4.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണിപ്പോഴുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളുടെ ചില ഭാഗങ്ങളിൽ ഇപ്പോൾ തന്നെ ഹീറ്റ് ഇൻഡക്സ് 45 ഡിഗ്രിക്കു മുകളിലെത്തി. നിരക്ക് 54നു മുകളിലെത്തിയാൽ അതിതീവ്ര സാഹചര്യമാകും.
2016 ൽ അനുഭവപ്പെട്ട കനത്ത ചൂടിനു സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
















