മേയർ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പാർട്ടിയിൽ നിന്ന് പുറത്തുപോയ മുതിർന്ന കൗൺസിലർ ലാലി ജെയിംസ് കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി അധ്യക്ഷന് ലിഖിതമായ മാപ്പപേക്ഷ നൽകിയതിനെത്തുടർന്ന് ലാലിക്കെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട ലാലി, തെരഞ്ഞെടുപ്പ് ആവേശത്തിനിടെ തിരിച്ചെത്തുന്നത് കോൺഗ്രസിന് കരുത്താകുമെന്നാണ് വിലയിരുത്തൽ.
തിരിച്ചുവരവിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ലാലി ജെയിംസ് നേരിട്ടെത്തി. വരും ദിവസങ്ങളിൽ രാജൻ പല്ലനൊപ്പം സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്ന് അവർ വ്യക്തമാക്കി. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും സ്വന്തം പാർട്ടിയോട് മാപ്പ് പറയുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും ലാലി മാധ്യമങ്ങളോട് പ്രതികരിച്ചു. ലാലിയുടെ മടങ്ങിവരവ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് സ്ഥാനാർത്ഥി രാജൻ പല്ലനും കൂട്ടിച്ചേർത്തു.
നേരത്തെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിനെത്തുടർന്നാണ് ലാലി ജെയിംസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന അതീവ ഗുരുതരമായ ആരോപണമാണ് ലാലി ഉന്നയിച്ചിരുന്നത്. മേയറായി നിശ്ചയിക്കപ്പെട്ട നിജി ജസ്റ്റിനും ഭർത്താവും എഐസിസി നേതാക്കളെ കണ്ട് ‘പെട്ടി’ നൽകിയെന്ന ലാലിയുടെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ അച്ചടക്കലംഘനത്തെ തുടർന്നാണ് ലാലിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
















