ഉത്തർപ്രദേശിലെ അംറോഹയിൽ വിവാഹ സൽക്കാരത്തിനിടെ ബിരിയാണിയിലെ ചിക്കൻ ലെഗ് പീസിനെ ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. ഭക്ഷണത്തെച്ചൊല്ലി വരന്റെയും വധുവിന്റെയും വീട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ വിവാഹവേദി യുദ്ധക്കളമായി മാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബിരിയാണി വിളമ്പുന്നതിനിടെ തങ്ങൾക്ക് ലഭിച്ച പ്ലേറ്റുകളിൽ ‘ലെഗ് പീസ്’ ഇല്ലെന്ന് വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും പരാതിപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിളമ്പിയവരോട് ഇവർ മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. നിസ്സാരമെന്ന് തോന്നിക്കാവുന്ന ഈ തർക്കം നിമിഷങ്ങൾക്കുള്ളിൽ അക്രമാസക്തമായ ഒരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു.
രോഷാകുലരായ വരന്റെ കൂട്ടർ കല്യാണപ്പന്തലിലെ കസേരകളും മേശകളും തല്ലിത്തകർത്തു. ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും പരസ്പരം എറിഞ്ഞും കൈയ്യേറ്റം ചെയ്തും ഇരുവിഭാഗവും ഏറ്റുമുട്ടി. പരിക്കേറ്റ ചിലരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പന്തലിലുണ്ടായിരുന്ന അതിഥികൾ പരിഭ്രാന്തരായി ചിതറിയോടിയത് പരിഭ്രാന്തി പരത്തി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ലാത്തിവീശിയും മറ്റും രംഗം ശാന്തമാക്കിയത്.
















