നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പരാജയം ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ കോൺഗ്രസിന്റെ കരുത്ത് എന്താണെന്ന് സി.പി.എമ്മിന് ബോധ്യപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പോലുമുള്ള വിവേകം മുഖ്യമന്ത്രി കൈവിട്ടിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. “അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ. കാര്യമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്ന രീതിയാണ് അദ്ദേഹം സ്വീകരിക്കുന്നത്,” വേണുഗോപാൽ കുറ്റപ്പെടുത്തി. ജനവികാരം തങ്ങൾക്കെതിരാണെന്ന തിരിച്ചറിവാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ ഒത്തുകളി നടക്കുന്നുണ്ടെന്ന ആരോപണം അദ്ദേഹം വീണ്ടും ഉയർത്തി. എല്ലാ പ്രധാന വിഷയങ്ങളിലും ഇരു പാർട്ടികളും പരസ്പരം സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ രഹസ്യ കൂട്ടുകെട്ടിന്റെ ലക്ഷ്യം എന്താണെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും, വോട്ടെടുപ്പിൽ ഇതിന് തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശബരിമല സ്വർണ്ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. ഈ കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾ ദയനീയമായി പരാജയപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇതൊരു പൊങ്ങച്ച പറച്ചിലല്ല, മറിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉറപ്പായ സൂചനയാണ്. കേരളത്തിൽ ഉടനീളം യുഡിഎഫ് അനുകൂല തരംഗമാണ് നിലനിൽക്കുന്നത്,” കെ.സി. വേണുഗോപാൽ പറഞ്ഞു.
















