വയനാട് നമ്പ്യാർകുന്ന് ആർത്തുവയലിൽ മരംമുറിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പഞ്ചായത്തംഗത്തെ മർദിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് എരുമാട് സ്വദേശി ഷമീറിനെയാണ് (42) നൂൽപ്പുഴ പോലീസ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റുചെയ്തത്. മുക്കുപുര സുനിലിനെയാണ് (37) ഷമീർ കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.
കഴിഞ ദിവസം ആണ് സംഭവം നടന്നത്. മരംവെട്ട് തൊഴിലാളിയാണ് ഷമീർ. സംഭവ ദിവസം ഷമീർ ആർത്തവയലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരം മുറിക്കവേ അയൽവാസിയുടെ കൃഷിയിടത്തിലേക്ക് മരം വീണ് കൃഷി നശിച്ചു. ഇതിന് അയൽവാസി നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാൽ അതിന് സമ്മതിക്കാതെ വെട്ടിയ മരം കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ നെന്മേനി പഞ്ചായത്തംഗം പ്രശാന്തിനെ വീട്ടുടമ അറിയിക്കുകയും മധ്യസ്ഥതയയ്ക്കായി പ്രശാന്ത് എത്തുകയും ചെയ്തു.
ഉടമ നഷ്ടപരിഹാരം നൽകിയെങ്കിലും ഷമീർ പ്രശാന്തുമായി വാക്കേറ്റം ഉണ്ടായി. ഇതുചോദ്യം ചെയ്യാനെത്തിയാതായിരുന്നു സുനിൽ. അപ്പോഴാണ് ഷമീർ സുനിലിനെ വെട്ടി പരിക്കേൽപ്പിക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് നൂൽപ്പുഴ പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
















