യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു.
അറസ്റ്റിലായ രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്തതിനു ശേഷമാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.
കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
മാനഭംഗശ്രമം, ലൈംഗിക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു. അതിക്രമത്തിന് ശേഷം കടുത്ത മാനസികാഘാതത്തിലായിരുന്ന നടി, കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്.
നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ്, അതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
















