സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സുധീർ കരമന. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും ഇത്തരം പരാതികൾ ഉയരുന്നത് ഗൗരവകരമാണെന്നും സർക്കാർ എക്കാലത്തും സ്ത്രീകൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ അറിയില്ലെങ്കിലും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നാണ് സുധീർ കരമന പറഞ്ഞു.
രഞ്ജിത് അക്കാദമി ചെയര്‍മാന്‍ ആയിരുന്ന കാലം മുതല്‍ തന്നെ നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അദ്ദേഹം ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളിലൊക്കെ വിവാദങ്ങള്‍ ഉണ്ടായി. എല്ലാം യോജിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഒരാള്‍ ഒരു തസ്തികയിലേക്ക് വരുമ്പോള്‍ വിവാദങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. പക്ഷെ കൃത്യമായ തെളിവില്ലാതെ അതില്‍ ഒരു ശരിയായ ഉത്തരം തരാന്‍ എനിക്ക് പറ്റില്ല. ഹേമ കമ്മിറ്റിക്ക് ശേഷം കൊണ്ടുവന്ന ഐസി കമ്മിറ്റി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ എപ്പോഴും സ്ത്രീകളോടൊപ്പമാണ്. രഞ്ജിത്ത് അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ ചിലര്‍ പിറകെ കൂടിയിരുന്നു. നിലവിലെ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും സുധീര്‍ കരമന പറഞ്ഞു. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും സുധീര്‍ കരമന കൂട്ടിച്ചേർത്തു.
അതേസമയം, പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത് റിമാന്‍ഡില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ്ജയിലിലേക്ക് മാറ്റും. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി. ഒരുവര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവ് ലഭിക്കാം. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം, തന്നെ തകര്‍ക്കാനുളള ശ്രമമെന്നും കള്ളക്കേസെന്നും രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.
















