സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമക്കേസിൽ നിർണ്ണായക തെളിവുകൾ ശേഖരിച്ച് പൊലീസ്. കേസിലെ സുപ്രധാനമായ കാരവാൻ പൊലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.
അതേസമയം ലൈംഗികാതിക്രമം നടന്ന കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന ഘട്ടത്തിലായിരിക്കും കാരവാനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക. നിലവിൽ ഇപ്പോഴും സബ് ജയിലില്‍ തുടരുകയാണ് സംവിധായകൻ രഞ്ജിത്ത്.
രഞ്ജിത്തിനെ പൊലീസ് തൊടുപുഴയിൽ വെച്ച് കാറിൽ നിന്ന് പിടികൂടുന്ന സമയത്ത് കാറിൽ നടൻ ബോബി കുര്യൻ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം.
നടൻ ബോബി കുര്യന് പുറമെ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്ടറും ഒരു യുവാവും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു.ഇവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിന് ഇരുവരുടെയും സഹായം ലഭിച്ചുവെന്നാണ് സംശയം. ലൈംഗിക അതിക്രമ കേസിനെ കുറിച്ച് രഞ്ജിത്ത് ഇവരോട് പറഞ്ഞ കാര്യങ്ങളിലും വ്യക്തത തേടും.
















