ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ മകന്റെ അസുഖം മാറാനായി 13 വയസ്സുകാരിയായ മകളെ നരബലി കൊടുത്ത അമ്മ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), കാമുകനായ ഭീമൻ റാമും (40), മന്ത്രവാദിനിയായ ഭഗ്തിൻ എന്നറിയപ്പെടുന്ന ശാന്തി ദേവി (55) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 24 ന് രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. കുസുംഭ ഗ്രാമത്തിൽ രാമനവമി ഘോഷയാത്ര ദിവസമായിരുന്നു അന്ന്. ഇതിനിടയിൽ ആയിരുന്നു പെൺകുട്ടിയെ കാണാതാകുന്നത്. പിറ്റേ ദിവസം 8.30 ഓടെ സമീപത്തുള്ള മിഡിൽ സ്കൂളിന് പിന്നിലെ മുളങ്കാടിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ അമ്മ ഇത് പീഡനം ആണെന്നും ധനേശ്വർ പാസ്വാൻ എന്ന വ്യക്തിയാണ് ഇത് ചെയ്തതെന്നും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസിന് ചില സംശയങ്ങൾ ഉണ്ടായി. ഇതിനെ തുടർന്ന് മാർച്ച് 26 ന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു അന്വേഷണം നടന്നു. അങ്ങനെയാണ് നരബലിയുടെ ചുരുളഴിയുന്നത്. പെൺകുട്ടിയുടെ സഹോദരൻ കുറച്ചു നാളുകളായി അസുഖബാധിതനാണ്. മകന്റെ അസുഖം മാറാനായിരുന്നു രശ്മി ദേവി മന്ത്രവാദിനിയെ തേടി പോകുന്നത്.
മകന്റെ അസുഖം മാറണം എങ്കിൽ കന്യകയായ ഒരു പെൺകുട്ടിയെ നരബലി നൽകാനായി മന്ത്രവാദിനി ആവശ്യപ്പെട്ടു. അതിനായി രശ്മിയുടെ മകളെ തന്നെയാണ് അവർ നിർദേശിച്ചത്. രാമനവമി സമയത്ത് ദുർഗാഷ്ടമി ദിനത്തിൽ ആചാരം അനുഷ്ഠിക്കാൻ ആയി ഇവരെ അവർ നിർബന്ധിച്ചു. അങ്ങനെ മന്ത്രവാദിയുടെ നിർദേശപ്രകാരം പെൺകുട്ടിയെ അമ്മയും കാമുകനും ചേർന്ന് തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പ്രാഥമിക ചടങ്ങുകൾക്ക് ശേഷം കുട്ടിയെ അടുത്തുള്ള ഒരു മുളങ്കാടിലേക്ക് ഇവർ കൊണ്ടുപോയി. ശേഷം ഭീം റാം പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും അമ്മയായ രശ്മി കാലുകൾ പിടിച്ചു നൽകുകയും ചെയ്യുകയായിരുന്നു. പിന്നീട് ആചാരത്തിനായി രക്തം എടുക്കാൻ തന്ത്രി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു മരവടി തിരുകിയെന്നും അതേസമയം ഭീം റാം അവളുടെ തലയിൽ അടിച്ചുവെന്നും പോലീസ് പറയുന്നു.
എന്നിട്ട് പെൺകുട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു മൂന്നുപേരും. സംഭവത്തിൽ പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
















