ബോളിവുഡ് നടൻ രൺബീർ കപൂറിനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാമായണ’. ഇന്ത്യയിലെ മുൻനിര താരങ്ങളായ സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എന്നാൽ സിനിമയുടെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.
even adhipurush feels better than
this #Ramayana glimpse tbh.Because of
– Ai
– Poor VFX
– Poor editing pic.twitter.com/TJSZZSMWy0— 🧊🌨️ (@Dq_Stan5_) April 2, 2026
പ്രഭാസ് നായകനായി 2023-ൽ പുറത്തിറങ്ങിയ, രാമായണം അടിസ്ഥാനമാക്കി നിർമിച്ച ആദിപുരുഷ് എന്ന ചിത്രമാണ് രൺബീറിന്റെ രാമായണം പുറത്തിറങ്ങി ആദ്യഘട്ടത്തിൽ ‘എയറിലാ’യത്. എന്നാൽ ഇപ്പോഴിതാ രൺബീറിന്റെ രാമായണത്തിനെതിരെയും സോഷ്യൽ മീഡിയയിൽ ട്രോളുകളുയരുകയാണ്. ആദിപുരുഷുമായി താരതമ്യം ചെയ്താണ് ഈ ട്രോളുകളുമെത്തിയത് എന്നതാണ് കൗതുകകരമായ കാര്യം.
രാമായണയുടെ ടീസർ തങ്ങളെ നിരാശപ്പെടുത്തിയെന്നാണ് പലരും പറയുന്നത്. മോശം വിഎഫ്എക്‌സാണ് ചിത്രത്തിലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ആദിപുരുഷ് എന്ന ചിത്രവും മോശം വിഎഫ്എക്‌സിന്റെ പേരിലാണ് വിമർശിക്കപ്പെട്ടത്. എന്നാൽ ‘ആദിപുരുഷ് ഇതിനേക്കാൾ ഭേദമാണ്’ എന്ന അഭിപ്രായം പോലും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിഹാസ കാവ്യമായ രാമായണത്തോട് നീതി പുലർത്താൻ നിങ്ങൾക്ക് കഴിയുമോ എന്ന് സംശയമാണെന്നാണ് പലരും ചിത്രത്തിന്റെ അണിയറപ്രവർത്തകരോടായി ചോദിക്കുന്നത്.
‘എഐയുടെ ഉപയോഗം, ദുർബലമായ വിഎഫ്എക്‌സ്, മോശം എഡിറ്റിങ് എന്നീ കാരണങ്ങളാൽ ആദിപുരുഷ് ഈ രാമായണ ഗ്ലിംപ്‌സിനേക്കാൾ മെച്ചപ്പെട്ടതായി തോന്നുന്നു’ -ഇതാണ് ഒരാൾ എക്‌സിൽ കുറിച്ചത്. ‘ഇത് ആദിപുരുഷ് 2.O ആണ്’ എന്ന് മറ്റൊരാൾ. ‘ഇത് വിജയിച്ചാൽ വിശ്വാസം പുനഃസ്ഥാപിക്കപ്പെടും. മറിച്ചായാൽ ആളുകൾ ബോളിവുഡിനെ പൂർണമായി അവിശ്വസിക്കും. ആദിപുരുഷും രാമായണയും. ഇത്തവണ പ്രേക്ഷകർ എളുപ്പത്തിൽ ക്ഷമിക്കില്ല’ മൂന്നാമതൊരാൾ തുറന്നടിച്ചു.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് 2023 ജൂൺ 16-നാണ് തിയേറ്ററുകളിലെത്തിയത്. പിന്നാലെ വലിയ തിരിച്ചടിയാണ് ചിത്രം നേരിട്ടത്. ഇതിഹാസകാവ്യമായ രാമായണത്തെ ചിത്രം വളച്ചൊടിച്ചുവെന്ന് ഉൾപ്പെടെ പലരും ആരോപിച്ചിരുന്നു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി പോലുമെത്തിയിരുന്നു. എന്നാൽ ഇത് കോടതി ഫയലിൽ സ്വീകരിച്ചില്ല.
https://twitter.com/BURN4DESIRE1/status/2039366035581870499?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2039366035581870499%7Ctwgr%5E6461b6a26d94c95bf49e9c919b52d156d599fbdb%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Franbir-kapoor-ramayana-teaser-vfx-criticism-adipurush-comparison-nitish-tiwari-h8raw160
















