പ്രകൃതിഭംഗിയും സാഹസികതയും ഒത്തുചേരുന്ന യഥാർത്ഥ പറുദീസയാണ് മണാലി. ഭൂമിയിലെ സ്വർഗം അതാണ് മണാലി. മഞ്ഞുമൂടിയ പർവതനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, നദികൾ എന്നിവയാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇവിടം.
മണാലിയിലേക്കുള്ള യാത്ര തന്നെ ഒരു വല്ലാത്ത അനുഭവമാണ്. വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെ വാഹനം മുകളിലേക്ക് കയറുമ്പോൾ, താഴെ താഴ്‌വരകളിൽ കുതിച്ചൊഴുകുന്ന ബിയാസ് നദി കൂട്ടായി വരും. ഇരുവശങ്ങളിലും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന പൈൻ, ദേവദാരു മരങ്ങളും കോടമഞ്ഞ് പുതച്ച മലനിരകളും കണ്ണുകൾക്ക് വിരുന്നൊരുക്കും. ഓരോ വളവ് തിരിയുമ്പോഴും പ്രകൃതി ഒളിപ്പിച്ചുവച്ച ഓരോ പുതിയ ചിത്രങ്ങള്‍ മുന്നില്‍ തെളിയും.
മണാലിയിലെത്തിയാൽ പിന്നെ എല്ലാവരും പോകുന്നത് റോഹ്താങ് പാസിലേക്കാണ്. വെളുത്ത പട്ടുപുതച്ചതുപോലെ പരന്നുകിടക്കുന്ന മഞ്ഞുപാളികൾ. അവിടെയെത്തിയാൽ പിന്നെ പ്രായം മറന്ന് എല്ലാവരും കുട്ടികളായിപ്പോകും. മഞ്ഞിൽ കളിച്ചും സ്നോ സ്കൂട്ടറുകളിൽ പാറിപ്പറന്നും ആ നിമിഷങ്ങൾ ആഘോഷമാക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സോലാങ് വാലി ഒരുക്കുന്ന വിസ്മയങ്ങൾ വേറെയുമുണ്ട്. പാരാഗ്ലൈഡിങ്ങിലൂടെ ഒരു പക്ഷിയെപ്പോലെ മണാലിയുടെ ആകാശത്തൂടെ പറന്നുനടക്കാം. സ്കീയിങ് ഉൾപ്പെടെയുള്ള വിനോദങ്ങൾ വേറെയുമുണ്ട്.
ടൗണിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുറച്ചു ശാന്തത ആഗ്രഹിക്കുന്നവർക്ക് നേരെ ഓൾഡ് മണാലിയിലേക്ക് വച്ചുപിടിക്കാം. ആപ്പിൾ തോട്ടങ്ങളും പൗരാണികത തുളുമ്പുന്ന തടിവീടുകളും സുഗന്ധം പരത്തുന്ന ചെറിയ കഫേകളും നിറഞ്ഞ ആ തെരുവിലൂടെയുള്ള നടത്തം വല്ലാത്തൊരു സമാധാനം നൽകും. നൂറ്റാണ്ടുകൾ പഴക്കമുള്ള, വമ്പൻ മരങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഹിഡിംബ ദേവി ക്ഷേത്രം മണാലിയുടെ മറ്റൊരു ആകർഷണമാണ്. മരത്തിൽ കൊത്തിയെടുത്ത ആ ക്ഷേത്രത്തിന്റെ നിർമ്മാണരീതി തന്നെ ആരെയും അദ്ഭുതപ്പെടുത്തും.
എത്ര തവണ പോയാലും മണാലിയുടെ സൗന്ദര്യം കണ്ടുതീർക്കാനാവില്ല. കുളു വാലിയുടെ ഭംഗിയും വസിഷ്ഠ് ഗ്രാമത്തിലെ ചൂടുനീരുറവകളും, മാൾ റോഡിലെ ഷോപ്പിങ്ങും ഒക്കെയായി മണാലി എപ്പോഴും സഞ്ചാരികളെ നെഞ്ചോട് ചേർത്തുപിടിക്കും.
മണാലിയില്‍ യാത്രാപ്രേമികളുടെയും വിനോദസഞ്ചാരികളുടെയും ഏറ്റവും വലിയ തിരക്കനുഭവപ്പെടുന്ന പീക്ക് സീസണാണ് ഈ ഏപ്രിൽ, മേയ് മാസങ്ങള്‍. കൊടുംതണുപ്പുള്ള ഡിസംബർ-ജനുവരി മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി, വളരെ സുഖകരമായ കാലാവസ്ഥയാണ് ഈ സമയത്ത് മണാലിയിൽ. മണാലിയുടെ മുഖമുദ്രയായ ആപ്പിൾ തോട്ടങ്ങളിൽ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന അതിമനോഹരമായ കാഴ്ചയും ഈ സമയത്ത് കാണാം.
മേയ് മാസത്തോടെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട റോഹ്താങ് പാസ് സന്ദർശകർക്കായി തുറന്നുകൊടുക്കും. താഴ്‌വരകളിൽ പച്ചപ്പാണെങ്കിലും റോഹ്താങ് പാസിലെത്തിയാൽ അപ്പോഴും മഞ്ഞിന്റെ കാഴ്ച ആസ്വദിക്കാൻ സാധിക്കും.
















