എൻഡിഎ ക്യാംപിന് കരുത്ത് പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ചങ്ങനാശേരി എസ്എൻ കോളേജ് ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിചേരും. വൈകിട്ട് നാല് മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ പൊതുസമ്മേളനം മോദി അഭിസംബോധന ചെയ്യും. പതിനൊന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ പരിപാടിയിൽ പങ്കെടുക്കും.
തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ പരിപാടിയിൽ പങ്കെടുക്കും. ശേഷം തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. കിള്ളിപ്പാലം മുതൽ കരമന ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ്ഷോ തീരുമാനിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവിലെ സ്ഥാനാർഥി ആ.ർ ശ്രീലേഖ, കഴക്കൂട്ടത്തെ വി. മുരളീധരൻ, തിരുവനന്തപുരം സ്ഥാനാർഥി കരമന ജയൻ എന്നിവർ റോഡ് ഷോയുടെ ഭാഗമാകും. വൈകിട്ട് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി തിരികെ ഡൽഹിയിലേക്ക് പോകും.
















