നടൻ ഉണ്ണി മുകുന്ദൻ തന്റെ കാർ ശേഖരത്തിലേക്ക് പുതിയൊരു അതിഥിയെകൂടി എത്തിച്ചിരിക്കുന്നു. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്ട്രിക് എന്നീ വാഹനങ്ങളുള്ള ഉണ്ണി മുകുന്ദന്‍ ആഡംബരവും പെർഫോമൻസും ഒത്തുചേരുന്ന BMW 5 സീരീസ് 530Li M സ്പോർട്ടാണ് സ്വന്തമാക്കിയത്. ഏകദേശം 73 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്. ഫൈറ്റോണിക് ബ്ലൂ മെറ്റാലിക് നിറത്തിലുള്ള വാഹനം ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് വാങ്ങിയത്.
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 5 സീരിസ്. 530 എൽഐ എം സ്പോർട് എന്ന മോഡലിൽ മാത്രമാണ് വാഹനം ലഭിക്കുന്നത്. എട്ടാം തലമുറ 5 സീരിസാണ് ലോങ് വീൽ ബേസായി എത്തുന്നത്. ബിഎംഡബ്ല്യുവിന്റെ 2.5 ബോക്സ് ഡിസൈനിലാണ് വാഹനത്തിന്റെ രൂപകൽപന. സ്റ്റൈലും കംഫർട്ടും ഒരുപോലെ ചേർത്തിണക്കിയാണ് വാഹനത്തിന്റെ നിർമാണം.
ഇലിമിനേറ്റഡ് ഗിഡ്നി ഗ്രിൽ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാംപ്, 19 എം ഇഞ്ച് അലോയ് വീലുകൾ, പനോരമിക് ഗ്ലാസ്റൂഫ്, മികച്ച റീയർ ലേഗ്‌റൂം നാലു സോൺ ക്ലൈമറ്റ് കൺട്രോളു കൂടിയ ഓട്ടമാറ്റിക് എയർ കണ്ടീഷനിങ് സിസ്റ്റം, പിൻ സീറ്റിലും വയർലെസ് ചാർജിങ്, വലിയ മൾട്ടി ഇൻഫൊടെയിൻമെന്റ് സ്ക്രീൻ എന്നിവ 5 സീരിസ് എൽഡബ്ല്യുബിയിലുണ്ട്.രണ്ടു ലീറ്റർ നാലു സിലിണ്ടർ ട്വിൻ ടർബൊ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. എൻജിനൊപ്പം 48 വോട്ട് ഹൈബ്രിഡ് സംവിധാനവും ചേർത്തിരിക്കുന്നു. 258 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 6.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും ഈ ആഡംബര സെഡാൻ.
















