ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ലോകമെമ്പാടുമുള്ള അമ്പതിലേറെ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് ഇപ്പോൾ രാജകീയ വരവേൽപ്പ് ലഭിക്കുന്നത്. വീസയ്ക്കുള്ള നൂലാമാലകൾ കുറഞ്ഞതോടെ മലയാളികളുടെ യാത്രാമോഹങ്ങൾക്കും ഇപ്പോൾ ചിറകുമുളച്ചിരിക്കുകയാണ്.
എന്നാൽ സ്ഥിരം കണ്ടുമടുത്ത ഡെസ്റ്റിനേഷനുകളിൽ പോയി ബോറടിച്ച സഞ്ചാരികൾ ഇപ്പോൾ പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രകളിലാണ്. മേഘങ്ങളെ തൊട്ടുരുമ്മിയുള്ള സാഹസിക ട്രെക്കിങ് മുതൽ കണ്ണഞ്ചിപ്പിക്കുന്ന ആഡംബര ഷോപ്പിങ് വരെ വാഗ്ദാനം ചെയ്യുന്ന, 2026 ൽ യാത്രാപ്രേമികൾക്കിടയിൽ തരംഗമായി മാറുന്ന 5 വിദേശ രാജ്യങ്ങള്‍ ഇവയാണ്.
1. വിയറ്റ്നാം
സഞ്ചാരികളുടെ പണ്ടത്തെ പ്രിയപ്പെട്ട ഇടങ്ങളെല്ലാം പിന്തള്ളി വിയറ്റ്നാം ഇപ്പോൾ ഒന്നാമതെത്തിയിരിക്കുകയാണ്. വടക്കൻ ഹൈലാൻഡ് പ്രദേശമായ ‘ടാ സുവ’ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ‘ഡൈനോസർ സ്പൈൻ’ എന്നറിയപ്പെടുന്ന പ്രശസ്തമായ ട്രെക്കിങ്ങിനും താഴെ പരന്നുകിടക്കുന്ന മേഘക്കടലിന് മുകളിൽ നിൽക്കാനുമായാണ് ഇന്ത്യക്കാർ ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുറഞ്ഞ ചെലവിലുള്ള ആഡംബരവും നാവിലൂറുന്ന സ്ട്രീറ്റ് ഫുഡും എളുപ്പത്തിലുള്ള ഇ വീസയുമാണ് വിയറ്റ്നാമിനെ ഇത്രയും ജനപ്രിയമാക്കുന്നത്. ഹോ ചി മിൻ നഗരത്തിലെ കഫേകളിൽ നിന്ന് പ്രശസ്തമായ എഗ്ഗ് കോഫി കുടിക്കാൻ മറക്കരുത്.
വിയറ്റ്നാമിലെ കറൻസിയായ ഡോങ് ഇന്ത്യൻ രൂപയെ അപേക്ഷിച്ച് മൂല്യം കുറഞ്ഞതായതിനാൽ ബജറ്റ് യാത്രക്കാർക്ക് രാജകീയമായി തന്നെ ഇവിടെ അടിച്ചുപൊളിക്കാം.
2. ജാഫ്ന, ശ്രീലങ്ക
കൊളംബോയും ഗോളും മാത്രമല്ല, 2026 ജാഫ്നയുടെ വർഷമാണ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ കൂടിയതും, മനോഹരമായ ബീച്ചുകളും, തമിഴ്-ശ്രീലങ്കൻ പൈതൃകവും ഇവിടം ശ്രദ്ധേയമാക്കുന്നു. തിരക്കേറിയ തെക്കൻ തീരങ്ങൾക്ക് പകരമുള്ള മികച്ച ബഡ്ജറ്റ് ഡെസ്റ്റിനേഷനാണിത്. നല്ലൂർ കന്ദസ്വാമി ക്ഷേത്രവും അധികമാരും കടന്നുചെല്ലാത്ത കാഷ്വറീന ബീച്ചും തീർച്ചയായും സന്ദർശിക്കുക.
കേരളത്തിൽ നിന്ന് വളരെ പെട്ടെന്ന് എത്തിച്ചേരാം എന്നത് തന്നെയാണ് ശ്രീലങ്കയുടെ ആകർഷണം. മാത്രമല്ല, തമിഴ് സ്വാധീനമുള്ളതുകൊണ്ട് തന്നെ മികച്ച വെജിറ്റേറിയൻ ഭക്ഷണങ്ങളും ജാഫ്നയിൽ സുലഭമാണ്.
3. അൽബേനിയ
ഷെങ്കൻ വീസയുടെ നൂലാമാലകളോ സ്വിറ്റ്സർലൻഡിലെപ്പോലെ വലിയ ചെലവോ ഇല്ലാതെ യൂറോപ്യൻ വൈബ് ആസ്വദിക്കാൻ പറ്റിയ 2026 ലെ പുതിയ കണ്ടെത്തലാണ് അൽബേനിയ. ഇന്ത്യക്കാർക്ക് ചില നിബന്ധനകളോടെ 90 ദിവസത്തെ വീസ ഫ്രീ എൻട്രി ഇവിടെ ലഭിക്കുന്നുണ്ട്. മാലദ്വീപിനോട് കിടപിടിക്കുന്ന ക്സാമിൽ ബീച്ചുകൾ പകുതി ചെലവിൽ ഇവിടെ ആസ്വദിക്കാം. വ്യത്യസ്തതകൾ തേടുന്ന ബാക്ക്പാക്കർമാർക്കും ദമ്പതികൾക്കും പറ്റിയ മികച്ച സ്ഥലമാണിത്.
പൊതുഗതാഗതം അല്പം ബുദ്ധിമുട്ടായതിനാൽ വാടകയ്ക്ക് കാർ എടുത്ത് യാത്ര ചെയ്യുന്നതാണ് അൽബേനിയയുടെ പ്രകൃതിഭംഗി പൂർണമായും ആസ്വദിക്കാൻ ഏറ്റവും നല്ലത്.
4. ജപ്പാൻ
ഇന്ത്യൻ സഞ്ചാരികളുടെ തിരയലുകളിൽ 100% വർധനവാണ് ജപ്പാൻ അടുത്തിടെ സ്വന്തമാക്കിയത്. വസന്തകാലത്തെ ചെറി പൂക്കളും ടോക്കിയോയിലെ നിയോൺ തെരുവുകളും ഇനി വെറും സ്വപ്നമല്ല. മെച്ചപ്പെട്ട വിമാന സർവീസുകളും ജാപ്പനീസ് പോപ്പ് കൾച്ചറിനോടുള്ള താല്പര്യവുമാണ് ഇതിന് കാരണം. ടോക്കിയോയിൽ നിന്ന് ക്യോട്ടോയിലേക്കുള്ള അതിവേഗ ബുള്ളറ്റ് ട്രെയിൻ യാത്ര നിർബന്ധമായും ചെയ്യേണ്ട ഒന്നാണ്.
ചെറി ബ്ലോസം സീസണിൽ (മാർച്ച് – മേയ്) പോകാൻ ഉദ്ദേശിക്കുന്നവർ മാസങ്ങൾക്ക് മുൻപേ തന്നെ ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. ട്രെയിൻ യാത്രകൾക്കായി മുൻകൂട്ടി ‘ജെആർ പാസ്’ എടുക്കുന്നത് യാത്രാച്ചെചെലവ് ഗണ്യമായി കുറയ്ക്കും.
5. അബുദാബി, യുഎഇ (ഇപ്പോൾ യുദ്ധഭീതിയുണ്ടെങ്കിലും യാത്രാ പ്രേമികളുടെ ലിസ്റ്റിൽ ഉണ്ട്)
ദുബായിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് മാറി 2026 ൽ അബുദാബിയാണ് താരമാകുന്നത്; പുതിയതായി വന്ന ഗുഗൻഹൈം അബുദാബിയും അതിമനോഹരമായ ബാപ്സ് ഹിന്ദു മന്ദിറും ഇതിന് മാറ്റുകൂട്ടുന്നു. കുടുംബങ്ങൾക്കും കലാസ്വാദകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മികച്ച സാംസ്കാരിക തലസ്ഥാനമാണ് അബുദാബി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് 4 മണിക്കൂറിൽ താഴെ മാത്രമുള്ള വിമാനയാത്രയും എളുപ്പത്തിലുള്ള ഇ വീസയുമാണ് പ്രധാന ആകർഷണം. ലോകോത്തര തീം പാർക്കുകളുള്ള യാസ് ഐലൻഡിൽ ഒരു ദിവസം ചെലവഴിക്കാൻ മറക്കരുത്.
ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് അബുദാബി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
വീസ ഇല്ലാതെ പറക്കാം
യാതൊരു വീസ പേപ്പർവർക്കുകളും ഇല്ലാതെ അവസാന നിമിഷം പ്ലാൻ ചെയ്ത് പോകാൻ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. വീസ ഫ്രീ യാത്രകളുടെ രാജാവായ തായ്‌ലൻഡും, 2026 അവസാനം വരെ വീസ ഫ്രീ എൻട്രി നീട്ടിയ മലേഷ്യയും 90 ദിവസത്തെ ആഡംബര യാത്രയ്ക്ക് പറ്റിയ മൗറീഷ്യസും ഇതിൽ ഉൾപ്പെടുന്നു. ഇറാനും ബൊളീവിയയും അടുത്തിടെ അവരുടെ പ്രവേശന നിയമങ്ങൾ മാറ്റിയെങ്കിലും, ഇന്ത്യക്കാർക്ക് ഇപ്പോഴും 55-ലധികം രാജ്യങ്ങളിൽ എളുപ്പത്തിൽ പ്രവേശനം (ഓണ്‍ അറൈവല്‍ വീസ അല്ലെങ്കിൽ ETA) ലഭിക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
















