തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ചെറു വിമാനം റസ്റ്ററന്റിലേക്ക് തകർന്നുവീണ് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.30നു ശേഷമുണ്ടായ അപകടത്തിൽ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.
കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് തകർന്നുവീഴുകയായിരുന്നു.
അപകടത്തിനു പിന്നാലെ പരിസരവാസികളെ സിവിൽ ഡിഫൻസ് സംഘം ഒഴിപ്പിച്ചു. സമീപത്തെ ഒരു കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകടസമയത്ത് റസ്റ്ററന്റ് അടഞ്ഞുകിടന്നിരുന്നതിനാൽ അവിടെയുണ്ടായിരുന്നവർക്ക് ആർക്കും പരുക്കേറ്റില്ല. വിമാനം താഴേക്ക് പതിക്കുമ്പോൾ രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും കാണാം.
















