ബാലറ്റ് പേപ്പറിലെ പേര് മാറ്റാന്‍ വരാണാധികാരി വിസമ്മതിച്ചതിനെതിരെ തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്. നേരത്തെ ഇതേ ആവശ്യം കോടതി ഉന്നയിച്ചിരുന്നെങ്കിലും അപേക്ഷ നൽകാൻ വൈകിയെന്ന കാരണത്താൽ വരണാധികാരി ഇത് നിരസിക്കുകയായിരുന്നു.
മാർച്ച് 31-നാണ് പേര് മാറ്റാൻ അപേക്ഷ നൽകിയതെന്നും അപ്പോഴേക്കും ഹോം വോട്ടിങ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ മാറ്റം അനുവദിക്കാതിരുന്നത്. കോടതി നിർദ്ദേശത്തിന് വരണാധികാരി പുല്ലുവിലയാണ് നൽകിയതെന്ന് അഞ്ജലി നായർ ആരോപിച്ചു.
നിലവിൽ അഞ്ജലി പി.വി. എന്ന പേരാണ് ബാലറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ജലി എന്ന പേരിൽ മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാലും ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി നൽകുന്നതിനാലും വോട്ടർമാർക്ക് തിരിച്ചറിയുന്നതിൽ പ്രായോഗിക തടസ്സമില്ലെന്നാണ് വരണാധികാരിയുടെ നിലപാട്.
എന്നാൽ തന്റെ ആവശ്യം പരിഗണിക്കാത്തതിനെതിരെ തിങ്കളാഴ്ച വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം.
















