പശ്ചിമേഷ്യയിൽ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ. മധ്യേഷ്യയിലെ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്നുൾപ്പെടെ അസംസ്കൃത എണ്ണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറക്കുമതിക്ക് പണം നൽകുന്നതിൽ തടസമൊന്നും നേരിട്ടിട്ടില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം എക്സിൽ കുറിച്ചു.
ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത്. മുൻപ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 11-12% ഇറാനിൽ നിന്നായിരുന്നു. എന്നാൽ 2019 ൽ യുഎസ് ഇറാന് ഉപരോധം ഏർപ്പെടുത്തിയതോടെ ഇതു ഗണ്യമായി കുറഞ്ഞു. പിന്നീട് ഇറാൻ എണ്ണ വാങ്ങുന്നതായി ഇന്ത്യ പരസ്യമാക്കിയിരുന്നില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പ്രതിസന്ധിയിലായതോടെ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാന്റെ എണ്ണ വാങ്ങുന്നതിനു യുഎസ് താൽക്കാലിക അനുമതി നൽകിയിരുന്നു.
















