കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റെമോൾ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയ്ക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. വൻ സന്നാഹങ്ങളുമായി കർണാടക പോലീസും വനംവകുപ്പും കാട് അരിച്ചുപെറുക്കുന്നുണ്ടെങ്കിലും ഇതുവരെ യുവതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ശരണ്യയെ കണ്ടെത്താനായി അറുപതോളം പേരടങ്ങുന്ന നാല് പ്രത്യേക സംഘങ്ങളാണ് നിലവിൽ കാടിനുള്ളിൽ തെരച്ചിൽ നടത്തുന്നത്. കാടിന്റെ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് ദൗത്യത്തിനായി ഡ്രോണുകളും സ്നിഫർ ഡോഗുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ, ദുർഘടമായ വനമേഖലകളിൽ ഓപ്പറേഷൻ നടത്തി പരിചയസമ്പന്നരായ കർണാടക ആന്റി നക്സൽ ഫോഴ്‌സിനെ കൂടി തെരച്ചിലിന്റെ ഭാഗമാക്കിയിട്ടുണ്ട്. തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തിനുള്ളിൽ അതീവ ജാഗ്രതയോടെയാണ് ഇവർ പരിശോധന നടത്തുന്നത്.
ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വനം-പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം, എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് തെരച്ചിൽ തുടരാൻ നിർദ്ദേശം നൽകി.
















