ലിസിയുമായി പിരിയാനുണ്ടായ കാരണം തുറന്നു പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. 32 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാൻ തീരുമാനിച്ചതെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. കുറച്ചുവർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ മനസ്സുതുറന്നത്.
പ്രിയദർശന്റെ വാക്കുകൾ: ‘‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’’
പത്ത് വർഷത്തെ വേർപിരിയലിന് ശേഷം, വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം അടുത്തിടെയാണ് പ്രിയദർശൻ ‘മിഡ്-ഡേ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ ‘മിഡ്-ഡേ’യോട് വ്യക്തമാക്കി.
ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്ത് എത്തിയത് മുതൽ ഇവരുടെ പുനസ്സമാഗമത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. മാർച്ച് 16-ന് ലിസിയുടെ ചെന്നൈ സ്റ്റുഡിയോയിൽ വച്ച് സൂപ്പർ താരം മമ്മൂട്ടിക്കൊപ്പമുള്ള പ്രിയന്റെയും തന്റെയും ചിത്രം ലിസി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആരാധകരുടെ പ്രതീക്ഷകൾ വർധിക്കുകയായിരുന്നു.
















