ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികമാരാണ് സമാന്ത റുത്ത് പ്രഭുവും കീർത്തി സുരേഷും. ഇരുവരും തമ്മിലുള്ള സൗഹൃദം സിനിമാ ലോകത്ത് പ്രശസ്തമാണ്. അടുത്തിടെ കീർത്തിയുടെ ഹിന്ദി അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണി’ലേക്ക് കീർത്തിയുടെ പേര് നിർദ്ദേശിച്ചത് സമാന്തയായിരുന്നു.
കീർത്തിയുടെ രസകരമായ ഒരു സ്വഭാവത്തെക്കുറിച്ച് സമാന്ത സംസാരിക്കുന്ന പഴയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. “0.3 സെക്കൻഡിനുള്ളിൽ നിങ്ങളെ തകർത്തു കളയും,” എന്നാണ് തമാശയായി സാമന്ത പറയുന്നത്.
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ‘പുലർച്ചെ 2 മണിയ്ക്ക് മാത്രം കാണാനാവുന്ന കീർത്തി സുരേഷിന്റെ ഒരു പ്രത്യേക വേർഷനെ’ കുറിച്ച് സമാന്ത വാചാലയായത്.
“പുലർച്ചെ രണ്ട് മണിയൊക്കെ ആകുമ്പോൾ കീർത്തിയുടെ അടുത്തുനിന്ന് ഓടി രക്ഷപ്പെടണം. അവൾ മദ്യപിക്കുകയൊന്നുമില്ല, പക്ഷേ ആ സമയത്ത് അവൾ ഹൈപ്പർമാക്സ് ആയിരിക്കും. വെറും 0.3 സെക്കൻഡിനുള്ളിൽ നിങ്ങളെ തകർത്തു കളയാൻ അവൾക്ക് സാധിക്കും. അവിശ്വസനീയമായ ഹ്യൂമർസെൻസാണ് അവൾക്കുള്ളത്. എനിക്കറിയാവുന്ന പെൺകുട്ടികളിൽ ഏറ്റവും തമാശക്കാരി അവളാണ്,” സമാന്ത പറഞ്ഞു.
ആറ്റ്‌ലി നിർമ്മിക്കുന്ന ‘ബേബി ജോൺ’ എന്ന ചിത്രത്തിലേക്ക് തന്നെ ശുപാർശ ചെയ്തത് സമാന്തയാണെന്ന് കീർത്തി വെളിപ്പെടുത്തിയിരുന്നു. “ഈ പ്രോജക്റ്റ് നടന്നുകൊണ്ടിരുന്നപ്പോൾ അവളുടെ മനസ്സിൽ എന്റെ പേരുണ്ടായിരുന്നു എന്ന് വരുൺ ധവാനും എന്നോട് പറഞ്ഞു. ഇതിന് സമാന്തയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല,” കീർത്തിയുടെ വാക്കുകളിങ്ങനെ.
തമിഴ് ചിത്രമായ ‘തേരി’യുടെ ഹിന്ദി റീമേക്കാണ് ‘ബേബി ജോൺ’. തേരിയിൽ സമാന്ത ചെയ്ത വേഷമാണ് ഹിന്ദിയിൽ കീർത്തി ചെയ്യുന്നത്.
2018-ൽ പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിലാണ് സമാന്തയും കീർത്തിയും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് കീർത്തിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
















