ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍. ജിമെയിൽ എഡി എടുക്കുമ്പോൾ പേരിനൊപ്പം ജനിച്ച വർഷവും, ദിവസവും അല്ലെങ്കിൽ മറ്റെന്തെങ്കിലും ചേർക്കാറുണ്ട്. പക്ഷെ പിന്നീട് അത് മാറ്റാനും സാധിക്കില്ല. പല ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും ഈ മെയിൽ ഐഡി തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്നതിനാൽ അത് മാറ്റി പുതിയ മെയിൽ ഐഡി ആരംഭിക്കുന്നതും അപ്രായോഗികമാണ്. അതിനാൽ തൃപ്തിയില്ലെങ്കിലും പണ്ട് ക്രിയേറ്റ് ചെയ്ത് മെയിൽ ഐഡി തന്നെയായിരിക്കും മിക്കവരും ഉപയോഗിക്കുന്നത്.
ഇനി ജിമെയിൽ അഡ്രസ് മാറ്റാനായി അക്കൗണ്ട് മാറ്റേണ്ട ആവശ്യമില്ല. ‘നിങ്ങളുടെ ജിമെയില്‍ വിലാസം ഒരു വര്‍ഷത്തില്‍ തളച്ചിടേണ്ടതില്ല’ എന്നാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചുകൊണ്ട് സുന്ദര്‍ പിച്ചൈ കുറിച്ചത്.
പുതിയ അപ്ഡേറ്റ് പ്രകാരം ഈ ഫീച്ചര്‍ ഉപയോഗിക്കാൻ സെറ്റിങ്‌സില്‍ പോയി ജിമെയിലിലെ പേര് മാറ്റാം. പഴയ ഉപയോഗിച്ചുകൊണ്ടിരുന്ന മെയിൽ ഐഡിക്ക് പകരം പുതിയത് വേണമെങ്കിലും നൽകാം. ഇങ്ങനെ പേരുമാറ്റിയാലും പഴയ മെയിൽ അഡ്രസിലെ വിവരങ്ങളോ മെയിലോ ഒന്നും നഷ്ടമാകില്ല.
പഴയ അഡ്രസിൽ അയക്കപ്പെടുന്ന മെയിലുകളും പുതിയ പേരിലുള്ള അക്കൗണ്ടിന്റെ ഇൻബോക്സിൽ ലഭ്യമാകുകയും ചെയ്യും. പഴയ ഐഡി വേറൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുമില്ല. പക്ഷെ ഒരു കാര്യം, നിലവിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ഗൂഗിൾ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളൂ.
















