മുട്ടക്കറിക്ക് ബാച്ചിലർ റെസിപ്പി എന്ന വിളിപ്പേരുമുണ്ട്. എന്നാലിനി അതിനൊപ്പം ചേർത്തു വെയ്ക്കാൻ നാടൻ സ്റ്റൈലിൽ മുട്ട പുഴുങ്ങാതെ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന മുട്ടക്കറി കൂടി പരീക്ഷിച്ചോളൂ.
ചേരുവകൾ
മുട്ട
സവാള
തക്കാളി
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
ഗരംമസാല
കുരുമുളകുപൊടി
വെളിച്ചെണ്ണ
ഇഞ്ചി
വെളുത്തുള്ളി
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒരു ടീസ്പൂൺ ചേർക്കുക. ഒരു സവാള അരിഞ്ഞത് ഇതിലേയ്ക്കു ചേർത്ത് വഴറ്റിയെടുക്കുക. വെന്തു വരുന്ന സവാളയിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അൽപ്പം ഉപ്പ്, ഒരു തക്കാളി ചെറുതായ് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം അൽപ്പം വെള്ളം കൂടി ഒഴിച്ചു വേവിക്കുക. രണ്ട് മുട്ട ഇതിനു മുകളിലായി പൊട്ടിച്ചൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. ആവശ്യമെങ്കിൽ മുട്ടയുടെ ഇരു വശങ്ങളും വേവിച്ചെടുക്കാം. ശേഷം അടുപ്പണച്ച് ആവശ്യാനുസരണം കഴിക്കാം.
















