പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ വെച്ചു എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്നയെ ആലത്തൂർ ആശുപത്രിയിലും പിന്നീട് എറണാകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. എന്നാൽ നില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു അബ്ദുൽ റഹ്മാന്റെയും അസ്നയുടെയും വിവാഹം നടന്നത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് അസ്‌ന. ഭർത്താവിന്റെ ഉമ്മ വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ചേ സ്കൂളിൽ പോകാൻ അസ്‌നയെ അനുവദിച്ചിരുന്നുള്ളുവെന്നും ഇത് അസ്നയ്ക്കു മാനസികവിഷമങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
അതിനാൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതി അന്വേഷിച്ചു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.
















