സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കൾ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും. ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ഏഴുമണിയോടെ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ആർ ശ്രിലേഖ വട്ടിയൂർക്കാവിൽ വോട്ട് രേഖപ്പെടുത്തി.
ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം. സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും. നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്.
ഇക്കുറി 140 നിയോജക മണ്ഡലങ്ങളിലേക്കായി മത്സരിക്കാൻ 883 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. സംസ്ഥാനത്ത് ഒറ്റത്തവണയായി നടക്കുന്ന തെരഞ്ഞെടുപ്പിനായി 30,495 പോളിങ് സ്റ്റേഷനുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിട്ടുണ്ട്.
ഇവിഎമ്മുകളുടെ വിതരണം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായി. പോളിങ് 85 ശതമാനത്തിന് മുകളിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഘർഷങ്ങൾ ഒഴിവാക്കാൻ പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മൂന്ന് മുന്നണികൾക്കും അതി നിര്‍ണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് ഭരണ തുടർച്ച തന്നെയാണ് എല്‍ഡിഎഫ് ലക്ഷ്യം.പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം ഭരണത്തിലേക്ക് തിരികെ എത്താമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. കേരളത്തിലും ശക്തി തെളിയിച്ച് നിയമസഭയിൽ അക്കൗണ്ട് തുറക്കാനാണ് എൻഡിഎ കച്ചകെട്ടുന്നത്.
















