മസ്തിഷ്ക മരണം സംഭവിച്ച യുവാവ് മരണാനന്തര അവയവദാനത്തിലൂടെ അഞ്ചുപേർക്ക് ജീവന്റെ തണലേകുന്നു. തിരുവനന്തപുരം സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരനുമായ ജയി ജയകുമാറാണ് (34) അവയവദാനം ചെയ്യുന്നത്.
ജയിയുടെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കോർണിയ എന്നിവയാണ് അഞ്ച് രോഗികൾക്കായി ദാനം ചെയ്യുന്നത്.
ആത്മഹത്യാ ശ്രമത്തെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയിക്ക് കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
ഏറ്റവും നിർണ്ണായകമായ ഹൃദയമാറ്റം കൊച്ചിയിലാണ് നടക്കുക. ജയിയുടെ ഹൃദയം വഹിച്ചുകൊണ്ടുള്ള എയർ ആംബുലൻസ് കൊച്ചി ലിസി ആശുപത്രിയിലേക്ക് തിരിച്ചു. അവിടെ ചികിത്സയിൽ കഴിയുന്ന 14 വയസ്സുള്ള പെൺകുട്ടിക്കാണ് ഈ ഹൃദയം വെച്ചുപിടിപ്പിക്കുന്നത്.
മറ്റു അവയവങ്ങളിൽ ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് നൽകും. രണ്ടാമത്തെ വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗിക്കായി കൊണ്ടുപോകും. ജയിയുടെ കോർണിയ തിരുവനന്തപുരം പ്രാദേശിക കണ്ണാശുപത്രിയിലേക്കാണ് മാറ്റുന്നത്.
















