ആരാകും അടുത്ത അഞ്ച് വർഷം കേരളം ഭരിക്കാൻ പോകുന്നതെന്ന ആകാംക്ഷയിലും കാത്തിരിപ്പിലുമാണ് ജനങ്ങൾ. നിരവധി സെലിബ്രിറ്റികളും തങ്ങളുടെ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. തതവസരത്തിൽ നടൻ ബാലചന്ദ്ര മേനോൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
“ആരോ പറഞ്ഞത് പോലെ.. ഏപ്രിൽ ഒന്നിന് അബദ്ധം പറ്റിയാൽ ആ ദിവസം മാത്രമേ ഫൂളാവുകയുള്ളൂ. ഇന്ന് അബദ്ധം പറ്റിയാൽ അടുത്ത അഞ്ച് വർഷം നമ്മൾ ഫൂൾ ആകും. അതുകൊണ്ട് എല്ലാവരും വന്ന് അവരവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി, കേരളത്തെ ഐശ്വര്യ സമൃദ്ധമായ ഒരു സംസ്ഥാനമാക്കാൻ ഞാനും പ്രതിഛായയിലെ മുഖ്യമന്ത്രി എന്ന രീതിയിലും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു”, എന്നായിരുന്നു ബാലചന്ദ്ര മേനോൻ പറഞ്ഞത്.
തൃപ്പൂണിത്തുറയിലാണ് ബാലചന്ദ്ര മേനോനും ഭാര്യയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ നടി അഞ്ജലി നായര്‍ അദ്ദേഹത്തോട് അനുഗ്രഹം തേടാന്‍ എത്തിയിരുന്നു. പോളിങ്ങൊക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍, കുഴപ്പമില്ലാതെ പോകുന്നുവെന്നായിരുന്നു അഞ്ജലി നായരുടെ പ്രതികരണം. അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം എന്ന് അഞ്ജലി പറഞ്ഞപ്പോള്‍, നന്നായിരിക്കട്ടേ എന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍ അനുഗ്രഹിക്കുകയും ചെയ്തു.
















