അരനൂറ്റാണ്ടിന് ശേഷം ചന്ദ്രന്റെ മറുപുറം കണ്ട് മനുഷ്യൻ ഭൂമിയിലേക്ക് വിജയകരമായി തിരിച്ചെത്തി. നാസയുടെ ആർട്ടെമിസ് 2 ദൗത്യസംഘം സഞ്ചരിച്ച ഒറയോൺ പേടകം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:37-ന് സാന്റിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ പതിച്ചു (സ്പ്ലാഷ് ഡൗൺ). പുലർച്ചെ 5:07-ന് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം, കൃത്യം മുപ്പതാം മിനിറ്റിൽ പാരച്യൂട്ടുകളുടെ സഹായത്തോടെ സമുദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.
1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ് 2 തിരുത്തിക്കുറിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 4,00,171 കിലോമീറ്റർ അകലേക്ക് സഞ്ചരിച്ചായിരുന്നു അപ്പോളോ 13-ന്റെ അന്നത്തെ നേട്ടം. എന്നാൽ ഇന്നലെ പുലർച്ചെ 4:37-ഓടെ ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലേക്ക് എത്തിക്കൊണ്ട് ഒറയോൺ പേടകം മനുഷ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയെന്ന ഖ്യാതി സ്വന്തമാക്കി. ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് പത്തോളം പുതിയ നാഴികക്കല്ലുകളാണ് ഈ ദൗത്യം പിന്നിട്ടത്.
ഭൂമിയിൽ നിന്ന് ഒരിക്കലും നേരിട്ട് കാണാൻ കഴിയാത്ത ചന്ദ്രന്റെ അജ്ഞാത വശത്തുകൂടി ഒറയോൺ പേടകം കടന്നുപോയപ്പോൾ ലോകം ആകാംക്ഷയുടെ മുനയിലായിരുന്നു. ഏകദേശം 40 മിനിറ്റോളം ഭൂമിയിലെ കൺട്രോൾ സെന്ററുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടെങ്കിലും, ചന്ദ്രനെ ചുറ്റി പേടകം വിജയകരമായി പുറത്തുവന്നു. 1972-ലെ അപ്പോളോ 17-ന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോയ ആദ്യ ദൗത്യമാണിത്.
2022-ൽ നടന്ന ആളില്ലാ ദൗത്യമായ ആർട്ടെമിസ് 1-ന്റെ വിജയത്തിന് പിന്നാലെയാണ് നാല് അംഗങ്ങളടങ്ങുന്ന ആർട്ടെമിസ് 2 സംഘം ചന്ദ്രനെ വലംവെച്ച് മടങ്ങിയത്. പത്ത് ദിവസം നീണ്ടുനിന്ന ഈ പരീക്ഷണ യാത്ര വരാനിരിക്കുന്ന നിർണ്ണായക ദൗത്യങ്ങൾക്കുള്ള ഊർജ്ജമാണ്. ചൈനയ്ക്ക് മുൻപേ ചന്ദ്രനിൽ വീണ്ടും മനുഷ്യനെ ഇറക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന അമേരിക്ക, തങ്ങളുടെ നാലാം ദൗത്യത്തിലാകും ചന്ദ്രോപരിതലത്തിൽ മനുഷ്യന്റെ പാദമുദ്രകൾ പതിപ്പിക്കുക.
















