കേരളത്തിലെ വന്ദേഭാരത് സർവീസുകൾക്ക് നേരെ വീണ്ടും കല്ലേറ്. എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെ പാലക്കാട് പറളിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് 4:30-ഓടെയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ഒരു ജനൽ ചില്ല് പൂർണ്ണമായും തകർന്നു.
ഭാഗ്യവശാൽ, ആക്രമണത്തിൽ യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ല. ജനൽ ചില്ലുകൾ തകരുന്ന ശബ്ദം കേട്ട് യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ആർക്കും ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ട്രെയിൻ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ലോക്കോ പൈലറ്റ് റെയിൽവേ സുരക്ഷാസേനയ്ക്ക് പരാതി നൽകി.സംഭവത്തെ തുടർന്ന് റെയിൽവേ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
















