അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.കേവലം രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് ഈ ഗൗരവകരമായ വിഷയം അവസാനിക്കുന്നില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി വേണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിതിന്റെ മരണത്തിന് പിന്നിൽ കടുത്ത ജാതി-വർണ്ണ അധിക്ഷേപം ഉണ്ടെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും നിതിൻ നിരന്തരം അപമാനിക്കപ്പെട്ടിരുന്നു. അധ്യാപകരിൽ നിന്നും വകുപ്പ് മേധാവികളിൽ നിന്നും ഉണ്ടായ മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ നേരത്തെ പരാതിപ്പെട്ടിട്ടും കോളേജ് അധികൃതർ അത് അവഗണിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
പഠനത്തിൽ മിടുക്കനായിരുന്ന ഒരു ദളിത് വിദ്യാർത്ഥിക്ക് സ്വന്തം കലാലയത്തിൽ വച്ച് ഇത്തരമൊരു ദുരഗതി ഉണ്ടായത് കേരളത്തിന് നാണക്കേടാണ്. നവോത്ഥാന കേരളമെന്ന് നാം അവകാശപ്പെടുമ്പോഴും കലാലയങ്ങളിൽ ജാതി വിവേചനം ശക്തമായി നിലനിൽക്കുന്നു എന്നത് ആശങ്കാജനകമാണ്. ഈ കേസിൽ കേവലമൊരു ആത്മഹത്യ എന്നതിലുപരി, വിദ്യാർത്ഥിയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണം ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ സിപിഎം ഭരണകാലത്ത് സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















