അമിറ്റി സർവ്വകലാശാലയിലെ വിദ്യാർത്ഥി വെള്ളക്കെട്ടിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മൂന്നാം വർഷ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥിയായ ഹർഷിത് ഭട്ടിന്റെ മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ മാധ്യമങ്ങളെ കണ്ടു. മകനെ സുഹൃത്തുക്കൾ അപായപ്പെടുത്തിയതാണെന്നും മൃതദേഹത്തിൽ പരിക്കുകളുണ്ടെന്നും അവർ ആരോപിച്ചു.
സംഭവം നടന്ന സ്ഥലത്തുനിന്ന് പോലീസ് ബിയർ കുപ്പികൾ കണ്ടെടുത്തിരുന്നു. ഹർഷിത് മദ്യപിച്ചിരുന്നതായാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിന് നൽകിയ മൊഴി. എന്നാൽ, പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹർഷിത് മദ്യപിച്ചിരുന്നതായി സൂചനകളില്ല. മകന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും, മദ്യപിച്ചിരുന്നു എന്ന സുഹൃത്തുക്കളുടെ വാദം മകനെ അപകീർത്തിപ്പെടുത്താനും കേസ് വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണെന്നും അമ്മ പറഞ്ഞു.
മകൻ വെള്ളത്തിൽ വീണ വിവരം സുഹൃത്തുക്കൾ തന്നെ അറിയിച്ചില്ലെന്നതാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. “അവർ എന്തിനാണ് അവനെ ആ വിജനമായ സ്ഥലത്തെ കുഴിയിലേക്ക് കൊണ്ടുപോയതെന്ന് എനിക്ക് അറിയണം. അവൻ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കാതെ അവർ എവിടെയായിരുന്നു?” – ഹർഷിതിന്റെ അമ്മ ചോദിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വീട്ടുകാർ വിവരം അറിയുന്നത്. ഇത് സുഹൃത്തുക്കളുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിത നീക്കമാണെന്ന് കുടുംബം വിശ്വസിക്കുന്നു.
അമ്മയുടെ പരാതിയെത്തുടർന്ന് ഹർഷിതിന്റെ സുഹൃത്തുക്കളായ കൃഷ്, ഹിമാംശു, വ്യാസ് എന്നിവർക്കെതിരെ സെക്ടർ 126 പോലീസ് സ്റ്റേഷൻ കേസെടുത്തു. മനഃപൂർവ്വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
















