കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. കോളേജിലെ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇവർക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യാനൊരുങ്ങുന്ന പൊലീസ്, ഉടൻ തന്നെ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. സഹപാഠികളായ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ മരണത്തിന് പിന്നിലെ മാനസിക പീഡനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
നിലവിലെ പൊലീസ് അന്വേഷണത്തിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് നിതിൻ രാജിന്റെ കുടുംബം വ്യക്തമാക്കി. തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നുമാണ് പിതാവ് രാജൻ ആരോപിക്കുന്നത്. മകന്റെ മരണശേഷം കോളേജ് അധികൃതരോ സഹപാഠികളോ വീട്ടിലെത്താതിരുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിൽ കോളേജ് അധികൃതർ തങ്ങളെ അറിയിക്കണമായിരുന്നുവെന്ന് നിതിന്റെ സഹോദരി നികിതയും പ്രതികരിച്ചു. വീട്ടുകാരുടെ അറിവോടെയുള്ള ഇടപാടുകളായിരുന്നു അതെന്നും അവർ കൂട്ടിച്ചേർത്തു.
















