ഏറ്റവും കുറഞ്ഞ ചേരുവകളും സമയവും മാത്രം ഉപയോഗിച്ച്, എങ്ങനെ പോഷകഗുണങ്ങൾ നിറഞ്ഞതും, അതേ സമയം രുചികരവുമായ ഒരു സാൻഡ്വിച്ച് തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
പനീർ
വെളുത്തുള്ളി- 2
വറ്റൽമുളക് ചതച്ചത്- 1 ടേബിൾസ്പൂൺ
തൈര്- 4 ടേബിൾസ്പൂൺ
വറ്റൽമുളക്- 2
നാരങ്ങ നീര്- 1 ടേബിൾസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
സവാള
കാരറ്റ്
വെള്ളരി
മല്ലിയില
തയ്യാറാക്കുന്ന വിധം
100 ഗ്രാം പനീർ ഒരു ബൗളിലെടുക്കാം. അതിലേയ്ക്ക് രണ്ട് വെളുത്തുള്ളി അരച്ചെടുത്തതു ചേർക്കാം. ഒപ്പം ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചത്, നാല് ടേബിൾസ്പൂൺ തൈര്, രണ്ട് വറ്റൽമുളക് ചെറുതായി അരിഞ്ഞത്, ഒരുടേബിൾസ്പൂൺ നാരങ്ങ നീര്, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം. ക്രീം പരുവത്തിലാകുന്നതു വരെ ഇളക്കി യോജിപ്പിക്കാം.
ലഭ്യമായ പച്ചക്കറികൾ( സവാള, കാരറ്റ്, വെള്ളരി, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഇത് പനീറിലേയ്ക്കു ചേർത്തിളക്കാം. ഒരു ബ്രെഡെടുക്കാം. അതിലേയ്ക്ക് തയ്യാറാക്കിയ ഫില്ലിംഗ് വയ്ക്കാം. മുകളിൽ ഒരു ബ്രെഡ് വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിൽ നെയ്യ് പുരട്ടാം. ശേഷം ബ്രെഡ് അതിൽ വച്ച് ഇരുവശങ്ങളും ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ ടോസ്റ്റ് ചെയ്യാം. ആവശ്യമെങ്കിൽ ചീസ് കൂടി ചേർക്കാം. ഇത് സാൻഡ്വിച്ച് രുചികരമാക്കും.
















