ബോളിവുഡിലെ മുതിർന്ന നടനാണ് നവാസുദ്ദീൻ സിദ്ദിഖി. നടൻ മൂന്നു ദിവസം കേരളത്തിൽ ഉണ്ടായിട്ടും അദ്ദേഹത്തെ തിരിച്ചറിഞ്ഞവർ വളരെക്കുറവാണു. കൂടിയാട്ടം ഗുരുവും അധ്യാപകനുമായ വേണുജിയുടെ ഇരിങ്ങാലക്കുടയിലെ വീടിനോട് ചേർന്നുള്ള നടനകൈരളിയിൽ എത്തിയതായിരുന്നു നവാസുദ്ദീൻ.
വേണുജിയുടെ കീഴിൽ രണ്ടാഴ്ച നീണ്ടു നിന്ന നവരസ സാധനയ്ക്കെത്തിയ മകൾ ഷൊറയ്ക്കൊപ്പമാണ് വന്നത്. വിവിധ നാടുകളിൽ നിന്നുള്ള നടീനടന്മാരും നർത്തകരും നവരസ സാധനയ്ക്കു നടനകൈരളിയിൽ എത്താറുണ്ട്. പരിശീലനത്തിനു ശേഷം നവരസങ്ങൾ അവരവരുടെ മാധ്യമങ്ങളിലൂടെ സമാപന ദിവസം അവതരിപ്പിക്കും. തിരക്കുകളിൽ നിന്നൊഴിഞ്ഞ് മകളുടെ പരിശീലന പുരോഗതി വിലയിരുത്താനും അവളോടൊപ്പം സമയം ചിലവഴിക്കാനുമായിരുന്നു നവാസുദ്ദീന്റെ കേരള സന്ദർശനം.
കേരളത്തെയും മലയാള സിനിമയെയും ഒത്തിരി ഇഷ്ടപ്പെടുന്ന നവാസുദ്ദീൻ താമസിക്കാതെ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും തന്റെ മലയാളം അരങ്ങേറ്റമെന്ന് നവാസുദ്ദീൻ പറഞ്ഞു. നവാസുദ്ദീനെ പ്രശസ്തനാക്കിയ ‘ഗ്യാങ്സ് ഓഫ് വസേപ്പൂരി’ന്റെ ഛായാഗ്രാഹകനായിരുന്ന രാജീവ് രവി അടുത്ത സുഹൃത്തുമാണ്. രാജീവിന്റെ ഭാര്യ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ലയേഴ്സ് ഡൈസി’ലും മുഖ്യവേഷത്തിൽ നവാസുദ്ദീനായിരുന്നു. ‘കിഷ്കിന്ധാകാണ്ഡം’, ‘എക്കോ’ എന്നിവയുടെ സംവിധായകനായ ദിൻജിത്ത് അയ്യത്താന്റെ പുതിയ ഹിന്ദി ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
















