അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. കലാലയങ്ങളിൽ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസ് അന്വേഷണത്തിന് പുറമെ ആരോഗ്യ സർവകലാശാലയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കുന്നുണ്ടെന്ന് വി.സി വ്യക്തമാക്കി. സർവകലാശാലയുടെ അന്വേഷണസംഘം ഉടൻ തന്നെ കോളജിലെത്തി തെളിവെടുപ്പ് നടത്തും. നിലവിൽ അധ്യാപകർക്കെതിരെയോ കോളജ് മാനേജ്‌മെന്റിനെതിരെയോ പരാതികൾ ലഭിച്ചിരുന്നില്ലെന്നും, ഇപ്പോൾ ലഭിച്ച പരാതിയിന്മേൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അച്ചടക്കത്തിന്റെയും പഠനത്തിന്റെയും പേരിൽ വിദ്യാർഥികൾക്ക് മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഇത്തരം കോളജുകൾക്ക് തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമോ എന്ന കാര്യത്തിൽ സർവകലാശാല പുനരാലോചന നടത്തും. ഇക്കാര്യങ്ങൾ ചാൻസിലറെ കണ്ട് വിശദീകരിക്കുമെന്നും ഡോ. മോഹനൻ കുന്നുമ്മൽ കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ എല്ലാ കോളജുകളിലും നിയമപരമായ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
















