കോൺഗ്രസ് ഭരണസമിതിക്ക് കീഴിലുള്ള മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ കർശന നടപടിയുമായി സഹകരണ വകുപ്പ്. തട്ടിപ്പിലൂടെ ബാങ്കിനുണ്ടായ 22,13,85,348 രൂപ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും ഈടാക്കാൻ എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന്റെ മുൻ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കൽ, മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കൊള്ളയാണ് അന്വേഷണ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ബാങ്കിന്റെ നിയമസംഹിതകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മതിയായ ഈടോ വാല്യുവേഷനോ ഇല്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഭരണസമിതി അംഗങ്ങൾ കോടികൾ ബെനാമി വായ്പയായി തട്ടിയെടുത്തു. ഇതിനുപുറമെ, നിക്ഷേപകർ അറിയാതെ അവരുടെ സ്ഥിര നിക്ഷേപ രസീതുകളുടെ വ്യാജ പകർപ്പുകൾ നിർമ്മിച്ച് അതിന്മേൽ വായ്പയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് സോഫ്റ്റ്‌വെയറിലും ഓഡിറ്റ് രേഖകളിലും തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക ഇവർ കൈക്കലാക്കിയത്.
ക്രമക്കേടുകൾ വഴി ബാങ്കിനുണ്ടായ ആകെ നഷ്ടമായ 22.13 കോടി രൂപയിൽ വലിയൊരു പങ്ക് ഉത്തരവാദിത്തം മുൻ പ്രസിഡന്റ് ജോയ് മാളിയേക്കലിനാണ്. 6,45,13,998 രൂപയാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്ന ബാധ്യത. നിലവിൽ അദ്ദേഹം അന്തരിച്ച സാഹചര്യത്തിൽ, ഈ തുക അദ്ദേഹത്തിന്റെ അനന്തരാവകാശികളിൽ നിന്ന് ഈടാക്കാനാണ് ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശം. ബാക്കി തുക മുൻ സെക്രട്ടറിയും ജീവനക്കാരും ഉൾപ്പെടെയുള്ള മറ്റ് ഉത്തരവാദികളിൽ നിന്ന് ഈടാക്കും.
















