വാഴ 2ന് തുടർച്ചയായി പുതിയ ചിത്രമെത്തുന്ന സന്തോഷം പങ്കുവെച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും സഹനിർമാതാവുമായ വിപിൻ ദാസ്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ ആൺകുട്ടികളുടെ കഥകളാണ് പറഞ്ഞതെങ്കിൽ മൂന്നാം ഭാഗം പെൺകുട്ടികളുടേതാണെന്ന് വിപിൻ ദാസ് വെളിപ്പെടുത്തി.
വാഴ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം സംവിധാനം ചെയ്യുന്നത് തന്റെ സംവിധാന സഹായി ആയിരുന്ന വിശ്വൻ ശ്രീജിത്ത് ആയിരിക്കുമെന്നും വിപിൻ ദാസ് പറഞ്ഞു.
വിപിൻ ദാസിന്റെ വാക്കുകൾ: “വാഴ’ ഫ്രാഞ്ചൈസി ഞങ്ങൾ ആഗ്രഹിച്ചിരുന്നതിലും എത്രയോ വലുതായി വളർന്നിരിക്കുന്നു. നിങ്ങൾ നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദി! സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ‘വാഴ’ ആരംഭിച്ചത്. ഈ പാരമ്പര്യം ഭാവിയിലെ എല്ലാ ഭാഗങ്ങളിലും തുടർന്നും കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
നിങ്ങൾ എഴുതാനോ, സംവിധാനം ചെയ്യാനോ, അഭിനയിക്കാനോ, സംഗീതം നൽകാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുന്ന ഒരേയൊരു ഫ്രാഞ്ചൈസി ഇതാണ്. പേരും പ്രേക്ഷകരും നമ്മുടെ സ്ഥിരം തൂണുകളായിരിക്കുമ്പോൾ, ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള മുഖങ്ങൾ എപ്പോഴും സിനിമയുടെ അടുത്ത തലമുറയെ പ്രതിനിധീകരിക്കും.
നിങ്ങളുടെ നിറഞ്ഞ പിന്തുണയും നിർദ്ദേശങ്ങളും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു. അതുകൊണ്ട്, സന്തോഷത്തോടെ ഞങ്ങൾ പ്രഖ്യാപിക്കുന്നു: വാഴ 3 – ബയോപിക് ഓഫ് എ ബില്ല്യൺ ഗേൾസ്.
എല്ലായ്പ്പോഴും എന്നപോലെ, എന്റെ സംവിധാന സംഘത്തിലെ ഒരു പ്രധാന അംഗമായിരുന്ന വിശ്വൻ ശ്രീജിത്തിന് സംവിധാനത്തിന്റെ ചുമതല കൈമാറുന്നു. അടുത്ത വർഷം തന്നെ നിർമ്മാണം ആരംഭിക്കും. ഇത് ഒരു നീണ്ട കാത്തിരിപ്പാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ അതിനൊത്ത ഒരു അനുഭവം നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു!”
സിനിമയുടെ തിരക്കഥയുടെ പണികൾ പൂർത്തിയായതിനു ശേഷം ചിത്രത്തിനായി പ്രത്യേക ഓഡിഷൻ വയ്ക്കുമെന്നും വിപിൻ ദാസ് അറിയിച്ചു. അതുവരെ വർക്ക് സാംപിളുകളോ പോർട്ട്ഫോളിയോകളെ അയയ്ക്കേണ്ടതില്ലെന്നും വിപിൻ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ താരങ്ങളെ അണിനിരത്തി പരീക്ഷണം നടത്തിയ ആദ്യ ഭാഗത്തിന്റെ പാത പിന്തുടര്‍ന്നാണ് രണ്ടാം ഭാഗവും എത്തിയത്. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരുടെ പ്രകടനം പ്രേക്ഷക കയ്യടി നേടി. ചിത്രത്തിന്റെ വിജയത്തോടെ പുതുമുഖ സംവിധായകനായ സവിന്‍ എസ്.എയുടെ അരങ്ങേറ്റത്തിനും മാറ്റ് കൂടി. ഇവര്‍ക്കൊപ്പം അല്‍ഫോണ്‍സ് പുത്രന്‍, ബിജുക്കുട്ടന്‍, സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ് തുടങ്ങിയ വമ്പന്‍ താരനിരയും അണിനിരന്നു. ആദ്യ ഭാഗം പേരന്റിങ്ങിനെക്കുറിച്ചാണ് സംസാരിച്ചതെങ്കില്‍, രണ്ടാം ഭാഗം സഹോദരബന്ധങ്ങളെയും സൗഹൃദത്തെയും കുറിച്ചായിരുന്നു ചർച്ച ചെയ്തത്.
യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ‘വാഴ 2’ന് സാധിച്ചു. റിലീസ് ചെയ്ത് വെറും 7 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. കേരള ബോക്‌സ് ഓഫിസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 50 കോടി രൂപ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡും ‘വാഴ 2’ സ്വന്തമാക്കി. ‘ആട് 3’, ‘മോഹിനിയാട്ടം’ തുടങ്ങി ചിത്രങ്ങള്‍ക്കൊപ്പം മലയാളത്തിലെ വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായി ‘വാഴ’യും മാറി.
















