എറണാകുളം മേഖലകളിൽ ചിക്കുൻഗുനിയ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ അധികൃതർ. കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുന്നുകരയിൽ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 24 പേരിൽ ആറുപേർക്കും, ചെങ്ങമനാട്ടിൽ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 19 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
രോഗവ്യാപനം തടയുന്നതിനായി ബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, സന്ധികളിലെ നീർവീക്കം, അസഹനീയമായ സന്ധിവേദന (പ്രത്യേകിച്ച് കൈകാലുകളിലും മുട്ടുകളിലും), പേശി വേദന, തലവേദന, അമിതമായ ക്ഷീണം, ചർമ്മത്തിലെ തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഡി.എം.ഒ അറിയിച്ചു.
ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ ഉറവിട നിർമാർജനത്തിനാണ് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യം കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. 2023-ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് വീഴ്ച വരുത്തുന്നവർക്കെതിരെ 10,000 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം.
















