കണി കണ്ടും കൈനീട്ടം വാങ്ങിയും മലയാളികൾ ഇന്ന് വിഷു ആഘോഷത്തിന്റെ തിരക്കിലാണ്. കോടിയുടുപ്പിനും പടക്കത്തിനുമൊപ്പം വിഷുവിനെ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം രുചികരമായ ഭക്ഷണമാണ്. വിഷു വിഭവങ്ങളിൽ പ്രധാനിയായ ഉണ്ണിയപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.
ഉണ്ണിയപ്പം
നെയ്യിന്റെയും ശർക്കരയുടെയും ഗന്ധമുള്ള ഉണ്ണിയപ്പമില്ലാതെ എന്ത് വിഷു.
ചേരുവകൾ
പച്ചരി – അരക്കിലോ
ശർക്കര – അരക്കിലോ
തേങ്ങ കൊത്തി അരിഞ്ഞത് – ഒരു കപ്പ്
പഴം – 5 എണ്ണം
ഏലയ്ക്കാ പൊടിച്ചത് – 1 ടീസ്പൂൺ
എള്ള് – 2 ടീസ്പൂൺ
ഉപ്പ്, വെളിച്ചെണ്ണ/നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ടു മണിക്കൂർ കുതിർത്ത പച്ചരി നന്നായി പൊടിച്ചെടുക്കുക. ശർക്കര അര ഗ്ലാസ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്ത് അരിമാവിലേക്ക് ഒഴിക്കുക. ഇതിലേക്ക് പഴം നന്നായി ഞെരടി ചേർക്കുക. തേങ്ങ കൊത്ത് നെയ്യിൽ മൂപ്പിച്ചത്, ഏലയ്ക്ക, എള്ള്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ടു മണിക്കൂർ മാറ്റി വെക്കുക. ശേഷം ഉണ്ണിയപ്പക്കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ച് രണ്ടു വശവും മൊരിച്ചെടുക്കാം. അല്പം നെയ്യ് കൂടി ചേർത്താൽ രുചി കൂടും.
















