നെടുമങ്ങാട് വൻ കവർച്ച. ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ തക്കം നോക്കിയായിരുന്നു മോഷ്ടാക്കൾ കയറിയത്.
ഇന്ന് രാവിലെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. പരിഭ്രാന്തരായി അകത്തുകയറി പരിശോധിച്ചപ്പോൾ ബെഡ്റൂമിലെ അലമാരകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്.
വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ തകർത്തു. ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ നശിപ്പിക്കാനോ കൊണ്ടുപോകാനോ ഉള്ള ശ്രമം നടന്നതായും സംശയിക്കുന്നുണ്ട്.
സംഭവത്തിൽ അനസ് നെടുമങ്ങാട് പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
















