റഷ്യയിൽ നിന്നും ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്.
ഈ ഇളവുകളുടെ പ്രധാന ഗുണഭോക്താക്കളിൽ ഒന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീരുമാനം തിരിച്ചടിയാണ്. മാർച്ച് 11ന് മുൻപ് കടലിൽ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായി നൽകിയ താൽക്കാലിക അനുമതികൾ അവസാനിച്ചതായി സ്കോട്ട് ബെസെന്റ് അറിയിച്ചു. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 11ന് അവസാനിച്ചു. ഇറാനിയൻ എണ്ണയുടേത് ഏപ്രിൽ 19ന് അവസാനിക്കും.
ഉപരോധങ്ങൾക്കിടയിലും ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു.
ഇത് പ്രകാരം റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു.
എന്നാൽ ഇളവുകൾ നീട്ടണമെന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം അമേരിക്ക തള്ളുകയായിരുന്നു.
















