തുർക്കിയിലെ സ്കൂളിൽ വിദ്യാർത്ഥി നടത്തിയ വെടിവയ്പിൽ 9 മരണം. എട്ട് വിദ്യാർത്ഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം.
ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു. ഈ വിദ്യാർത്ഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റു. പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർത്ഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം.
ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം തുരുതുരെ നിറയൊഴിക്കുകയായിരുന്നു.
പരുക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.
















