വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി മാറാനൊരുങ്ങുന്ന പുതിയ മലയാള ചിത്രം “മധുരമീ ജീവിതം” സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വെച്ച് സമുചിതമായി നടന്നു. ചലച്ചിത്ര പ്രവർത്തകരുടെയും താരങ്ങളുടെയും സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ചിത്രത്തിലെ ബഹുഭൂരിപക്ഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

ഏപ്രിൽ 13-ന് വൈകിട്ട് ആറുമണിക്ക് പാലാരിവട്ടത്തെ ലക്സോ ബിസിനസ് ക്ലാസ് ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ് അരങ്ങേറിയത്. ചിത്രത്തിലെ നാലു ഗാനങ്ങളാണ് ഈ വേദിയിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. ഈണം കൊണ്ടും രചനാമികവു കൊണ്ടും മധുരതരമായ ആലാപനം കൊണ്ടും ഏറെ ആസ്വാദകരമായ ഈ ഗാനങ്ങൾക്കൊപ്പം, മികവുറ്റ ദൃശ്യാവിഷ്ക്കാരം കൂടി ചേർന്നപ്പോൾ ചടങ്ങ് സംഗീതസാന്ദ്രമായി മാറി.

ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ഡോ. ശ്രീകുമാർ ജെ. നടത്തിയ ഹൃദയസ്പർശിയായ വാക്കുകളിലൂടെയാണ് “മധുരമീ ജീവിതം” പ്രേക്ഷകരിലേക്ക് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സിനിമയുടെ ആത്മാവിനെയും സന്ദേശത്തെയും ശക്തമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ജീവിതത്തിലെ നിസ്സാരമായ നിമിഷങ്ങൾ പോലും എത്രമാത്രം മധുരമായി അനുഭവിക്കാമെന്ന് പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുന്ന ഒന്നായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതിനോടകം തന്നെ പുറത്തിറങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായത് സിനിമയ്ക്ക് മികച്ചൊരു തുടക്കമാണ് നൽകിയിരിക്കുന്നത്.

പ്രൊഡ്യൂസേഷൻ അസ്സോസ്സിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, പ്രമുഖ നിർമ്മാതാക്കളായ ഔസേപ്പച്ചൻ, മമ്മി സെഞ്ചറി, നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സിദ്ദിഖ്, വിനയ പ്രസാദ്, ഗായത്രി സുരേഷ്, പൂജിതാ മേനോൻ തുടങ്ങിയവരും ചടങ്ങിലെ പ്രധാന സാന്നിധ്യങ്ങളായിരുന്നു. സിനിമയുടെ പേര് പോലെ തന്നെ പ്രേക്ഷകമനസ്സിൽ മധുരം നിറയ്ക്കുന്ന ഒരു അനുഭവമായി ചിത്രം മാറട്ടെ എന്ന് അതിഥികൾ ആശംസിച്ചു.
















