ചൂട് ചായക്കൊപ്പം വൈകിട്ട് എന്ത് കഴിക്കും എന്ന് ആലോചിച്ചിരിക്കേണ്ട, മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരുപാട് പലഹാരങ്ങളുണ്ട്. ഉരുളക്കിഴങ്ങും കുറച്ച് അവലും എടുത്തോളൂ. രണ്ട് മിനിറ്റിൽ ക്രിസ്പിയായിട്ടുള്ള ചൂടൻ സ്നാക്സ് റെഡിയാക്കാം.
ചേരുവകൾ
ഉരുളകിഴങ്ങ്- 2
അവിൽ- 250 ഗ്രാം
പച്ചമുളക്- 2
മല്ലിയില- രണ്ട് ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയെടുത്ത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം അവ തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇതേ സമയം ഒരു പാനിൽ അവലെടുത്ത് വറുത്ത് പൊടിച്ചെടുക്കാം. ഉരുളക്കിഴങ്ങിലേയ്ക്ക് അവൽ പോടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, മല്ലിയിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് കുഴച്ചെടുക്കാം. അവ നീളത്തിൽ ഉരുട്ടിയെടുക്കാം. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വറുത്തെടുക്കാം.
















