നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തർക്കങ്ങളിൽ പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി. യുഡിഎഫിന്റെ പാരമ്പര്യം ഇതാണെന്നും അധികാരം കിട്ടുന്നതിന് മുമ്പേ പകുത്തെടുക്കുന്ന രീതി കാലമെത്ര കഴിഞ്ഞാലും മാറില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു.
”140 സീറ്റും കിട്ടുമെന്ന് പറഞ്ഞാലും യുഡിഎഫിന് എന്തിനാണ് ഇത്ര തർക്കം?” എന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം. കഴിഞ്ഞ തവണ വോട്ടെണ്ണും മുമ്പേ മന്ത്രിസ്ഥാനങ്ങൾ വരെ വീതം വെച്ചവരാണ് അവർ. ഇപ്പോൾ മൂന്ന് മുഖ്യമന്ത്രിമാരുണ്ടെന്നാണ് കേൾക്കുന്നത്, വരും ദിവസങ്ങളിൽ അത് ഇനിയും വർധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷത്ത് ഇതുവരെ മന്ത്രിമാരുടെ കാര്യത്തിൽ ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും സിപിഎമ്മിൽ കൃത്യമായ സംഘടനാ രീതികളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള പോര് തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അനുയായികൾ സൈബർ ആക്രമണം കടുപ്പിച്ചു. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ ഭാഷയിലാണ് സതീശൻ അനുകൂലികൾ പ്രതികരിക്കുന്നത്.
















