വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയടക്കം മൂന്ന് പേരെ കൂടി ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ഒരു ഫ്രീലാൻസ് എഡിറ്ററാണ് കേസിലെ ഒന്നാം പ്രതിയെന്നാണ് വിവരം. ഇതോടെ സിനിമ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒൻപതായി.
മറ്റൊരു സിനിമയുടെ എഡിറ്റിംഗ് ജോലികൾക്കായി സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് പ്രതി ‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ അനധികൃതമായി കൈക്കലാക്കിയത്. സ്റ്റുഡിയോയിലെ കമ്പ്യൂട്ടറിൽ നിന്ന് സിനിമയുടെ പ്രധാന ഭാഗങ്ങൾ രഹസ്യമായി പകർത്തി മാറ്റുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങൾ പിന്നീട് ഇയാൾ മറ്റുള്ളവർക്ക് കൈമാറുകയും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയുമായിരുന്നു.
സിനിമയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് നിർമ്മാതാക്കൾ നൽകിയ പരാതിയിലാണ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറ് പേരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ദൃശ്യങ്ങൾ ചോർത്തിയ എഡിറ്ററെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
















