വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം നൽകും. വിദ്യാർഥികൾക്ക് കൗണ്‍സിലിങ് ഏർപ്പെടുത്തും. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സ്കൂളിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
പൊതുദര്‍ശനത്തിനു ശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലിൽ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബർ സ്ഥാനിൽ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.
പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്.
കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.
















