നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണവും തുടർന്നുണ്ടായ സസ്പെൻഷനും തള്ളി സിപിഐ ജില്ലാ കൗൺസിൽ അംഗം വി.എസ്. സുലോചനൻ രംഗത്ത്. നാല് പതിറ്റാണ്ടിലേറെയായി പാർട്ടിക്കായി ഉഴിഞ്ഞുവെച്ച തന്റെ ജീവിതത്തെ ഒരു ശബ്ദരേഖയുടെ പേരിൽ റദ്ദ് ചെയ്യാനാവില്ലെന്നും തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ സിപിഐയിലെ വിഭാഗീയതയാണെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് സുലോചനൻ പറഞ്ഞു. ഇതുവരെ നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായോ രേഖാമൂലമോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. കൃത്യമായ അന്വേഷണം നടത്താതെയാണ് ഇത്തരം തീരുമാനങ്ങളിലേക്ക് പാർട്ടി എത്തിയതെന്ന സൂചനയും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു.
പുറത്തുവന്ന ശബ്ദരേഖ സുലോചനന്റേതാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പ്രചാരണ ഘട്ടത്തിൽ വി. ശിവൻകുട്ടിക്കോ സിപിഎമ്മിനോ എതിരെ താൻ പ്രവർത്തിച്ചിട്ടില്ലെന്ന് സുലോചനൻ ആവർത്തിച്ചു.
”ശിവൻകുട്ടിയുമായി എനിക്ക് വ്യക്തിപരമായ ശത്രുതയില്ല. അമ്പലത്തറ വാർഡിൽ കൗൺസിലറായിരുന്ന കാലത്ത് വികസന കാര്യങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. സ്കൂൾ കവാടം മറച്ചുള്ള നിർമ്മാണവും വാർഡിനുള്ള പദ്ധതികൾ അനുവദിക്കാത്തതും അന്ന് ചർച്ചയായിരുന്നു. എന്നാൽ രാഷ്ട്രീയ പോരാട്ടം വരുമ്പോൾ വ്യക്തിപരമായ ഇത്തരം കാര്യങ്ങൾ ഞാൻ കലർത്താറില്ല.” – വി.എസ്. സുലോചനൻ
വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആത്മാർത്ഥമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. “മെയ് നാലിന് വോട്ടെണ്ണൽ കഴിയുമ്പോൾ സത്യം വെളിപ്പെടും. നാല് പതിറ്റാണ്ടായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാളെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത് ഖേദകരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
















