ഗായകനും വൺ ഡയറക്ഷൻ ബാൻഡ് മുൻ അംഗവുമായ സെയ്ൻ മാലിക് ആശുപത്രിയിൽ. താരം ആശുപത്രിയിലാണെന്ന വാർത്ത ആരാധക ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
യു.കെയിൽ നടക്കാനിരുന്ന തന്റെ സംഗീത പരിപാടികൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് താരം ആശുപത്രിയിലാണെന്ന വിവരം പുറത്തുവിട്ടത്. ആരാധകരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച കഠിനമായ സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും ഇപ്പോൾ സാവധാനം സുഖം പ്രാപിച്ചുവരികയാണെന്നും സെയ്ൻ വ്യക്തമാക്കി. തന്റെ സാഹചര്യം മനസ്സിലാക്കി കൂടെ നിന്ന ആരാധകർക്കും തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
തന്റെ കുറിപ്പിൽ ‘ഹൃദ്രോഗ വിദഗ്ധന്’ (Cardiologist) പ്രത്യേകം നന്ദി പറഞ്ഞതാണ് ഇപ്പോൾ ആരാധകരെ ഏറെ ആശങ്കപ്പെടുത്തുന്നത്. താരത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും സെയ്നിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥനകളുമായി ലോകമെമ്പാടുമുള്ള ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ബ്രിട്ടീഷ്-പാകിസ്ഥാനി വംശജനായ സെയ്ൻ മാലിക് വൺ ഡയറക്ഷൻ എന്ന പ്രശസ്ത മ്യൂസിക് ബാൻഡിലൂടെയാണ് ആഗോള പ്രശസ്തി നേടിയത്. 2015-ൽ ബാൻഡ് വിട്ട ശേഷം സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ‘പില്ലോടോക്ക്’, ‘ഡസ്ക് ടിൽ ഡോൺ’ തുടങ്ങിയ ആഗോള ഹിറ്റുകളിലൂടെ സംഗീത ലോകത്ത് തന്റേതായ ഇടം ഉറപ്പിച്ചു.
















